സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയില്‍ തര്‍ക്കങ്ങള്‍ മുറുകുമ്പോഴും നാഥനില്ലാത്ത സ്ഥിതി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഉറപ്പൊന്നും നല്‍കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് സാധിച്ചിട്ടില്ല. അതിനൊപ്പം തന്നെ വനംമന്ത്രി സ്ഥാനത്തുനിന്ന് എ.കെ. ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് തോമസ് കെ തോമസ് എംഎല്‍എ.
രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിയാക്കാം എന്ന കരാര്‍ എൻസിപിയില്‍ ഉണ്ടായിരുന്നുവെന്നും താന്‍ കൂടി എംഎല്‍എ ആയതു കൊണ്ടാണ് ശശീന്ദ്രന്‍ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും തോമസ് കെ തോമസ് പറയുന്നു. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്ക് രണ്ടര വര്‍ഷമാണ് ഇടതുമുന്നണി ധാരണ പ്രകാരമുള്ള മന്ത്രി സ്ഥാനം. ഇത് ശശീന്ദ്രനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു തോമസ് കെ തോമസ്.
ഏക എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടിയായതുകൊണ്ട് ആന്റണി രാജുവിനും അബ്ദു റഹ്മാനും രണ്ടര വര്‍ഷം കഴിഞ്ഞ് രാജി വെയ്‌ക്കേണ്ടി വന്നു. പകരം ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസ്ഥാനത്ത് എത്തി.
വന്യമൃഗങ്ങള്‍ ജനങ്ങളെ വീട്ടില്‍ കയറി ആക്രമിച്ച് കൊന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും വനം മന്ത്രി കസേരയില്‍ ഇരുന്ന് ഒന്നും ചെയ്യാന്‍ ശശീന്ദ്രന് സാധിക്കുന്നില്ല. ബജറ്റ് വിഹിതം പോലും പാഴാക്കി കളയുകയാണ് ശശീന്ദ്രന്‍.
പ്രായാധിക്യവും അസുഖങ്ങളും അലട്ടുന്നെങ്കിലും കസേര ഒഴിയാന്‍ ശശീന്ദ്രന്‍ തയ്യാറല്ല. എന്‍.സി.പി സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോയുടെ ശക്തമായ പിന്തുണയും ശശീന്ദ്രനുണ്ട്. ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് പി.സി. ചാക്കോയും ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രേയാംസ് കുമാറും രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടതോടെ ജയിക്കാവുന്ന രണ്ട് രാജ്യസഭ സീറ്റിലേക്ക് അഞ്ച് ഘടകകക്ഷികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. രാജ്യസഭ സീറ്റ് തര്‍ക്കങ്ങളും മന്ത്രിസ്ഥാന തര്‍ക്കവും പൊതുവെ എല്‍.ഡി.എഫില്‍ ഉണ്ടാകാറില്ലായിരുന്നു. ജോസും ചാക്കോയും എത്തിയതോടെയാണ് തര്‍ക്ക മുന്നണിയായി എല്‍.ഡി. എഫ് മാറിയതും.