റോഡിൽ പരിശോധന ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് 6 ദിവസം ട്രെയിനിംഗ്, ചെലവ് 46.65 ലക്ഷം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

തിരുവനന്തപുരം: നികുതി വകുപ്പിലെ എൻഫോഴ്സ്മെൻ്റ് വിംഗിന് 6 ദിവസത്തെ റസിഡൻഷ്യൽ ട്രെയിനിംഗ്. ഈ മാസം 20 മുതൽ 25 വരെയാണ് ട്രെയിനിംഗ്. എറണാകുളം രാജഗിരി സ്ക്കൂൾ ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജിയിലാണ് ട്രെയിനിംഗ്.

46.65 ലക്ഷമാണ് ചെലവ്. 38.10 ലക്ഷം താമസത്തിനും 4.15 ലക്ഷം ട്രെയിനിംഗ് ഹാളിനും ചെലവാകും. യാത്ര ചെലവിന് 2 ലക്ഷവും ക്ലാസ് എടുക്കുന്നവർക്ക് 2.30 ലക്ഷവും അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനറി വാങ്ങിക്കാൻ 10,000 രൂപയും അനുവദിച്ചു. 6 ദിവസം ട്രെയിനിംഗിലായതിനാൽ റോഡിലെ പരിശോധന ഈ ദിവസങ്ങളിൽ ഇല്ലാതാകും. നികുതി വെട്ടിപ്പുകാർക്ക് പറുദിസയാകും ഈ ദിവസങ്ങൾ എന്ന് വ്യക്തം.

കുറച്ച് പേർക്ക് വീതം ട്രെയിനിംഗ് നൽകിയിരുന്നെങ്കിൽ റോഡിലെ പരിശോധന മുടങ്ങില്ലായിരുന്നു. ഒരുമിച്ച് ട്രെയിനിംഗ് നടത്താൻ നിർദ്ദേശിച്ചത് ധനമന്ത്രി ബാലഗോപാൽ ആയിരുന്നു. ട്രെയിനിംഗ് ചെലവ് ഉയരും എന്നായിരുന്നു ബാലഗോപാലിൻ്റെ നിർദ്ദേശത്തിൻ്റെ കാരണം. 6 ദിവസത്തെ റോഡിലെ പരിശോധന മുടങ്ങുന്നത് വഴി ഖജനാവിൽ എത്തേണ്ട ലക്ഷങ്ങൾ ഇതിൻ്റെ ഇരട്ടിയിൽ കൂടുതൽ വരും എന്ന വസ്തുത ബാലഗോപാൽ പരിശോധിച്ചതും ഇല്ല.