ശമ്പളവും പെൻഷനും ജൂണിൽ വൈകും! കടമെടുപ്പിന് അനുമതി വൈകുന്നതില്‍ ആശങ്ക

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ജൂൺ മാസമുള്ള ശമ്പളവും പെൻഷനും വൈകും. കടമെടുക്കാനുള്ള കേന്ദ്ര അനുമതി വൈകിയാൽ ശമ്പളം വൈകുമെന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.

2024-25 ൽ 37512 കോടിയാണ് കേരളത്തിന് കടമെടുക്കാൻ സാധിക്കുന്നത്. ഇതിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒമ്പത് മാസകാലത്ത് എത്ര തുക കടം എടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്. ഇതിന് സംസ്ഥാനം കത്തെഴുതിയിട്ടും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ആണ് മറുപടി വൈകുന്നതിന് കാരണം. 5000 കോടി കടം എടുക്കാൻ അനുവദിക്കണമെന്ന് കേരളം കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 3000 കോടി കടം എടുക്കാനുള്ള താൽക്കാലിക അനുമതിയാണ് കേന്ദ്രം നൽകിയത്. രണ്ട് തവണയായി 3000 കോടി കേരളം കടം എടുത്തു. ചെലവാക്കുകയും ചെയ്തു. ഇതോടെ ട്രഷറി ഓവർഡ്രാഫ്റ്റിലായി.

തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം ഉള്ളതിനാലും സാമ്പത്തിക വർഷത്തിൻ്റെ ആദ്യ മാസങ്ങളിൽ പണചെലവ് കുറവായതും കൊണ്ട് മാത്രമാണ് ട്രഷറി തുറന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത്. 20000 കോടി രൂപയോളം കരാറുകാർക്ക് കൊടുക്കാനുള്ളത് തടഞ്ഞ് വച്ചിരിക്കുകയാണ്. പല സ്ഥലത്തും കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുമൂലം നിറുത്തി വച്ചിരിക്കുകയാണ്. ക്ഷേമ പെൻഷൻ 6 മാസം കുടിശികയാണ്. ഇതിനു വേണം 5400 കോടി.

ഈ മാസം അവസാനം 20000 ത്തോളം ജീവനക്കാർ പെൻഷൻ ആകുകയാണ്. അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ 15000 കോടി വേണം. വിരമിക്കൽ ആനുകൂല്യങ്ങൾ പരമാവധി വൈകിപ്പിക്കാനാണ് നീക്കം. ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ ധനമന്ത്രി ബാലഗോപാൽ ഒരാഴ്ചയായി വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട ബാലഗോപാൽ ഇരുപത്തിനാലാം തീയതി ഓഫിസിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ഓഫിസിൽ വന്നാലും സന്ദർശകരെ ഉൾപ്പെടെ നിയന്ത്രിക്കണം എന്നാണ് ബാലഗോപാലിന് ലഭിച്ചിരിക്കുന്ന ഉപദേശം. കടമെടുപ്പിന് കേന്ദ്രാനുമതി വൈകുന്നതിൽ ജീവനക്കാരും പെൻഷൻകാരും അസ്വസ്ഥരാണ്. ജീവനക്കാർ , അധ്യാപകർ, എയ്ഡഡ് ജീവനക്കാർ, മുഖ്യമന്ത്രി മന്ത്രിമാർ, ഗവർണർ, പേഴ്സണൽ സ്റ്റാഫുകൾ, പി എസ് സി അംഗങ്ങൾ , ജഡ്ജിമാർ, പിൻവാതിൽ നിയമനക്കാർ തുടങ്ങിയ എല്ലാ വിഭാഗക്കാർക്കും ശമ്പളം കൊടുക്കാൻ ഒരു മാസം വേണ്ടത് 3300 കോടിയാണ്.

പെൻഷൻ കൊടുക്കാൻ വേണ്ടത് 2300 കോടിയും. ശമ്പളവും പെൻഷനും കൊടുക്കാൻ മാത്രം ഒരു മാസം 5600 കോടി രൂപ വേണം. ട്രഷറിയിൽ നിന്ന് ഒരുമിച്ച് ഭൂരിഭാഗം പേരും ശമ്പളം പൂർണ്ണമായും ആദ്യ ദിവസങ്ങളിൽ പിൻവലിക്കാത്തത് കൊണ്ട് 5600 കോടി ഒരുമിച്ച് പുറത്തേക്ക് പോകില്ല.

പകുതി തുകയും മാസത്തിൻ്റെ പകുതി വരെ ട്രഷറിയിൽ ഉണ്ടാകും. ഇത് സർക്കാരിന് അനുഗ്രഹവും ആണ്. എന്നിരുന്നാൽ പോലും ആദ്യ അഞ്ച് പ്രവർത്തി ദിവസങ്ങളിൽ 3000 കോടി രൂപ സർക്കാരിന് കണ്ടെത്തേണ്ടി വരും. കടമെടുപ്പ് അനുമതി അടുത്ത ആഴ്ച എങ്കിലും ലഭിക്കുമെന്നാണ് ധനവകുപ്പിൻ്റെ പ്രതീക്ഷ. റിസർവ് ബാങ്കിൻ്റെ ഇ -കുബേർ അഥവാ കോർ ബാങ്കിംഗ് സൊല്യൂഷൻ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാന സർക്കാരുകൾ കടമെടുക്കുന്നത്. പ്രധാനമായും ബാങ്കുകളാണ് ഇത്തരം കടപ്പത്രങ്ങൾ വാങ്ങുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments