വിഷ്ണുപ്രിയ വധക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ

പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ 23 വയസ്സുകാരിയായ വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കൂടാതെ, വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം.

മാനന്തേരി കളത്തി‍ൽ ഹൗസിൽ ശ്യാംജിത് എന്ന 25 വയസ്സുകാരനാണ് ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തിയിരുന്നത്. 2022 ഒക്ടോബർ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്.

സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടിൽ പോയതിനാൽ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടിൽ. സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടു കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം ഇരുതലമുർച്ചയുള്ള കത്തികൊണ്ടു തലയറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തുവെന്നാണ് കേസ്.

മരിച്ചശേഷവും ദേഹത്ത് 10 മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി. സംഭവദിവസം താനുമായി സംസാരിക്കുന്നതിനിടയിൽ ശ്യാംജിത് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയെന്നും ഫോൺ പെട്ടെന്ന് കട്ടായെന്നും യുവതിയുടെ സുഹൃത്തായ മലപ്പുറം സ്വദേശി പാനൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. തുടർന്നു വൈകിട്ടുതന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments