തിരുവനന്തപുരം: കരമന അഖില്‍ വധക്കേസില്‍ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. അപ്പു എന്ന് വിളിക്കുന്ന അഖിലിനെയാണ് തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് പിടികൂടിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് നേതൃത്വം കൊടുത്ത വിനീഷ്, സുമേഷ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
അഖില്‍ അപ്പുവിനെ കൂടാതെ, അനീഷ്, ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായത്. അനന്ദു കൊലക്കേസിലെ പ്രതിയായ കുട്ടപ്പന്‍ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ കാര്‍ വാടകക്ക് എടുത്തുകൊണ്ടുവന്നത്. പിടിയിലായ ഹരിലാല്‍ അനന്ദു കൊലക്കേസിലെ പ്രതിയും ഗൂഢാലോചനയിലും മയക്കുമരുന്ന ഉപയോഗത്തിലും പങ്കാളിയാണ്. കിരണ്‍ കൃഷ്ണ പാപ്പനംകോട് ബാറില്‍ തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമത്തിലെ പങ്കാളിയാണ്. ഇയാള്‍ കരമന സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. ഇപ്പോള്‍ പിടിയിലായിരിക്കുന്ന അഖില്‍ അപ്പുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറില്‍ കൊല്ലപ്പെട്ട അഖിലും പ്രതി കിരണ്‍ കൃഷ്ണയുമായുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊല നടന്നത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് പലതവണ തലയ്ക്കടിച്ചു.
2019ല്‍ അനന്ദുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവര്‍ തന്നെയാണ് അഖിലിന്റെ കൊലയ്ക്ക് പിന്നിലും. 2019 മാര്‍ച്ചില്‍ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്ദുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായത്. ദിവസങ്ങള്‍ക്ക് ശേഷം പ്രതികളില്‍ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ ഇവര്‍ അനന്ദുവിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. ആഘോഷം പാതിവഴിയില്‍ നിര്‍ത്തി പ്രതികള്‍ അനന്ദുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയില്‍ നില്‍ക്കുകയായിരുന്നു അനന്ദുവിനെ ബലംപ്രയോഗിച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്. അതിക്രൂരമായി പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.
അനന്ദു മരണത്തോട് മല്ലിടുമ്പോള്‍ പ്രതികള്‍ പാട്ടു പാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ പിടിയിലായിരുന്നു. അനന്ദുവധക്കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത്. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.