ഭുവനേശ്വർ : പാകിസ്താനെ അനുകൂലിച്ചുള്ള കോൺഗ്രസിന്റെ മനോഭാവം തികച്ചും അപലപനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തെ ജനങ്ങളെ പാകിസ്താന്റെ ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ഈ ദുർബലമായ മനോഭാവം കാരണം ആറ് പതിറ്റാണ്ട് കാലത്തോളം ജമ്മുകശ്മീരിലെ ജനങ്ങൾ ഭീകരവാദം സഹിക്കേണ്ടി വന്നെന്നും അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ, പാകിസ്താനെ പുകഴ്‌ത്തിയുള്ള പരാമർശം നടത്തിയത്. പാകിസ്താനെ പ്രകോപിപ്പിക്കരുതെന്നും അവരുടെ പക്കൽ അണുബോംബ് ഉള്ളതിനാൽ അവ ഇന്ത്യയിൽ വർഷിക്കുമെന്നുമായിരുന്നു വിവാദ പരാമർശം.

പാകിസ്താനെ ബഹുമാനിച്ച് അവരുമായി പരസ്പരം ധാരണ ഉണ്ടാക്കണമെന്നുമുളള വിവാദ പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുളളവർ രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഒഡിഷയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസിന്റെ ഇത്തരത്തിലുള്ള മനോഭാവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ പാകിസ്താനെ അനുകൂലിച്ച് സംസാരിക്കുകയും ഭാരതത്തെ ജനങ്ങളെ ഭയപ്പെടുത്താനും ശ്രമിക്കുന്നു. എന്നാൽ നിങ്ങൾ ഒന്നോർക്കണം. പാകിസ്താന് ബോംബുകൾ ഉണ്ടായിരിക്കാം. എന്നാൽ അവർ അത് വിൽക്കാൻ നടക്കുകയാണ്. സാമ്പത്തികമാന്ദ്യം കാരണം ബോംബുകളും ആയുധങ്ങളും വിൽക്കാൻ നടക്കുന്ന പാകിസ്താന്റെ കയ്യിൽ നിന്നും ആയുധങ്ങൾ ആരും വാങ്ങാൻ ആഗ്രഹിക്കുന്നില്ല. കാരണം ഗുണനിലവാരമില്ലാത്ത ആയുധങ്ങളാണ് അവർ വിൽക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.