തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാകില്ലെന്ന വിലയിരുത്തലില്‍ കളംമാറ്റി കളിക്കാൻ സിപിഎമ്മും സംസ്ഥാന സർക്കാരും. ജനരോഷം ശമിപ്പിച്ച് സർക്കാരിൻ്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ അണിയറയിൽ തന്ത്രങ്ങൾ ഒരുങ്ങുന്നു.

മാധ്യമങ്ങളെ ചേർത്ത് നിറുത്തി മുന്നോട്ട് കൊണ്ട് പോകാനാണ് പ്രധാന ശ്രമം. സോഷ്യല്‍ മീഡിയയില്‍ മാപ്ര പോലുള്ള പദങ്ങൾ ഉപയോഗിക്കരുതെന്ന് സഖാക്കൾക്ക് പ്രത്യേക നിർദ്ദേശം നൽകും. മാധ്യമങ്ങള്‍ക്ക് സർക്കാർ നല്‍കാനുള്ള പരസ്യ കുടിശിക ഉടൻ തീർക്കും. 100 കോടിക്ക് മുകളിലാണ് പരസ്യകുടിശിക.

കേരളീയം, നവകേരളം പരിപാടികളുടെ പരസ്യങ്ങളുടെ പണം ഇതുവരെ നൽകിയിട്ടില്ല. പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങൾക്ക് പി.ആർ ഡി നൽകിയ പരസ്യങ്ങളുടെ കുടിശിക എത്രയെന്ന് ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് വിവിധ സെക്ഷനുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇലക്ട്രോണിക് പരസ്യം നൽകുന്നത് പി.ആർ.ഡി (ഡി) സെക്ഷനിൽ നിന്നാണ്. ടെൻഡർ – നോൺ ടെൻഡർ പരസ്യങ്ങൾ നൽകുന്നത് പി ആർ.ഡി (ജി), (ഡി) വകുപ്പുകളാണ്. എല്ലാ പരസ്യങ്ങളുടെയും കുടിശിക സമാഹരിക്കാൻ പി.ആർ.ഡി ഈ മാസം 6 ന് സർക്കുലർ പുറപ്പെടുവിച്ചു.

വിദേശ യാത്ര കഴിഞ്ഞ് എത്തുന്ന പിണറായി ആദ്യം ചെയ്യുന്നത് മാധ്യമങ്ങളുടെ പരസ്യ കുടിശിക തീർക്കലായിരിക്കും. വിദേശയാത്രയെ കുറിച്ച് വലിയ വിമർശനങ്ങൾ ഇനി മാധ്യമങ്ങളിൽ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. മൂന്നാം വാർഷികം, ലോക കേരള സഭ പരസ്യങ്ങൾ ധാരാളം മാധ്യമങ്ങൾക്ക് ഇനി സർക്കാർ നൽകും. പി.ആർ.ഡി കൂടാതെ കിഫ്ബി വഴിയും പരസ്യങ്ങൾ നൽകും. 100 കോടി രൂപ അധികമായി പരസ്യങ്ങൾക്ക് മാറ്റി വയ്ക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.