കനൗജ് : അംബാനിയും അദാനിയും രാഹുൽ ഗാന്ധിയുമായി ഡീൽ നടത്തുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽഹഗാന്ധി. മോദിയുടെ ഇത്തരം പരാമർശം പരാജയഭീതി കൊണ്ടാണെന്ന പരിഹാസത്തോടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും കടന്നാക്രമിക്കാൻ രാഹുൽ ഗാന്ധി അംബാനി–അദാനിമാരുടെ പേരുകൾ എന്താണ് ഉപയോഗിക്കാത്തതെന്ന് മോദി ചോദിച്ചിരുന്നു. ഇവരിൽനിന്ന് പണം സ്വീകരിച്ചതിനാലാണ് പേരുകൾ പറയാൻ രാഹുൽ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ മറുപടി.
‘‘പത്തു വർഷത്തിനിടയിൽ, നരേന്ദ്ര മോദി ഒരിക്കലും അദാനിയുടെയും അംബാനിയുടെയും പേരുകൾ പരാമർശിച്ചിട്ടില്ല. പത്തു വർഷത്തിനിടയിൽ ആയിരക്കണക്കിന് പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഭയം പിടികൂടുമ്പോഴാണ്, രക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുടെ പേരുകൾ നാം പറയുക.
അതു കൊണ്ട് മോദി അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരിക്കുകയാണ്. എന്നെ രക്ഷിക്കൂ, ഇന്ത്യാ മുന്നണി എന്നെ ഒറ്റപ്പെടുത്തുകയാണ്. അദാനി–അംബാനി എന്നെ രക്ഷിക്കൂ…’’ – രാഹുൽ പരിഹസിച്ചു. നിശബ്ദരായിരിക്കുന്നതിനു വേണ്ടി കോൺഗ്രസിന് ലോറികൾ നിറയെ കള്ളപ്പണം ലഭിച്ചെന്ന മോദിയുടെ പരാമർശത്തെയും അദ്ദേഹം പ്രതിരോധിച്ചു.
‘‘എങ്ങനെയാണ് ലോറിയിൽ അദാനി പണം അയയ്ക്കുക എന്ന് പ്രധാനമന്ത്രിക്ക് വ്യക്തിപരമായി അനുഭവം ഉണ്ട്. ബിജെപിയും നരേന്ദ്ര മോദിയും അമിത് ഷായും നിങ്ങളുടെ ശ്രദ്ധ മാറ്റാനാണ് ശ്രമിക്കുന്നത്. അടുത്ത 10–15 ദിവസത്തേക്ക് അവർ അതിന് ശ്രമിച്ചുകൊണ്ടിരിക്കും. ശ്രദ്ധ മാറരുത്.’’ – അദ്ദേഹം കൂട്ടിച്ചേർത്തു.