കോഴിക്കോട്: സി.പി.എം നേതാവ് സി.എച്ച് കണാരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ജാതീയമായ പ്രചാരണവും ധ്രുവീകരണവും നടന്നെന്ന പ്രചാരണം ചരിത്രവിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, റിപ്പോര്‍ട്ടര്‍ ടി.വി എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് എന്നിവര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
മീഡിയവണ്‍ വാര്‍ത്താ അവലോകന പരിപാടിയായ ‘ഔട്ട് ഓഫ് ഫോക്കസി’ല്‍ സി. ദാവൂദും, റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔട്ടോ ഓഫ് ഫോക്കസ് പരിപാടിയില്‍ സ്മൃതി പരുത്തിക്കാടും നടത്തിയ പരാമര്‍ശത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. 1957ല്‍ കേരളത്തിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ മത്സരിച്ച സി.എച്ച് കണാരന്റെ വിജയത്തിനായി ജാതീയമായ പ്രചാരണം നടത്തിയെന്നായിരുന്നു പരാമര്‍ശം.
നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘കള്ളത്തിയ്യന് വോട്ടില്ല; കൊടുവാത്തിയ്യന് വോട്ടില്ല; സി.എച്ച് കണാരന് വോട്ടില്ല’
എന്ന തരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ പോസ്റ്ററുകള്‍ പതിച്ചു. ഇതിലൂടെ തിയ്യ ജാതി വോട്ടുകള്‍ അനുകൂലമായി ഏകീകരിക്കപ്പെടുകയും സി.എച്ച് കണാരന്‍ വിജയിക്കുകയും ചെയ്തുവെന്നും സി. ദാവൂദ് ചൂണ്ടിക്കാട്ടിയിരുന്നു.
നവോഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി കര്‍ഷകസമര മുന്നേറ്റങ്ങളുടെയും ചരിത്രാനുഭവങ്ങളിലൂടെ വളര്‍ന്നുവന്ന കമ്യൂണിസ്റ്റ് നേതാവിനെതിരെ ഒരു വസ്തുതയുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വാദിച്ചു. ഇതുവഴി സമൂഹത്തില്‍ തെറ്റിദ്ധാരണയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കുമെതിരെ എന്തു നുണയും ഒരു അടിസ്ഥാനവുമില്ലാതെ വിളിച്ചുപറയുന്ന മനോരോഗ സമാനമായ മാനസികാവസ്ഥയിലാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍. ഇത്തരത്തിലുള്ള പ്രസ്താവന സമൂഹത്തില്‍ പരസ്പര വൈരം സൃഷ്ടിക്കുന്നതും ജനനേതാക്കളെ അപമാനിക്കുന്നതുമാണെന്നം പ്രസ്താവനയില്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രസ്താവനയുടെ പൂര്‍ണരൂപം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ സി.എച്ച് കണാരനെതിരെ റിപ്പോര്‍ട്ടര്‍ ചാനലിലെ സ്മൃതി പരുത്തിക്കാടും മീഡിയവണിലെ സി. ദാവൂദും നടത്തിയ പ്രസ്താവനകള്‍ ചരിത്രവിരുദ്ധവും വര്‍ഗീയ ഉള്ളടക്കം നിറഞ്ഞതുമാണ്. 1957ല്‍ കേരളത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍നിന്നു മത്സരിച്ച സി.എച്ച് കണാരന്റെ വിജയത്തിനായി ജാതീയമായ പ്രചാരണം നടത്തിയെന്നാണ് ഇവര്‍ പറഞ്ഞത്.
ആ സമയത്ത് നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍
”കള്ളത്തിയ്യന് വോട്ടില്ല;
കൊടുവാത്തിയ്യന് വോട്ടില്ല;
സി.എച്ച് കണാരന് വോട്ടില്ല”
എന്ന രീതിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ പോസ്റ്ററുകള്‍ പതിക്കുകയും അതുവഴി തിയ്യ ജാതിയുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ട് സി.എച്ച് വിജയിക്കുകയും ചെയ്തുവെന്നു യാതൊരു ചരിത്രരേഖകളുടെയും വസ്തുതകളുടെയും പിന്‍ബലം ഇല്ലാതെയാണ് ആരോപിച്ചിരിക്കുന്നത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചാരണം നടന്നുവെന്നൊക്കെ തട്ടിവിടുന്നത് ഏത് ചരിത്രത്തിന്റെ പിന്‍ബലത്തിലാണെന്നത് ഇവര്‍ തന്നെയാണ് വിശദീകരിക്കേണ്ടത്.
ചില വര്‍ഗീയശക്തികളുടെ പിന്‍ബലമുള്ള വ്യക്തികള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിവിടുന്ന ചരിത്രവിരുദ്ധതയാണ് ആധികാരികമാമെന്ന വ്യാജേന ഇവര്‍ എടുത്തുപറയുന്നത്. വാട്ട്സ്ആപ്പ് യൂനിവേഴ്സിറ്റികളില്‍ ലഭ്യമാകുന്ന ഇടതുവിരുദ്ധ നുണപ്രചാരണങ്ങള്‍ വസ്തുത പോലും അന്വേഷിക്കാതെ അവതരിപ്പിക്കുന്ന രീതി മാധ്യമധര്‍മത്തിന് നിരക്കാത്തതാണ്.
നവോഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി കര്‍ഷകസമര മുന്നേറ്റങ്ങളുടെയും ചരിത്രാനുഭവങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു കമ്യൂണിസ്റ്റ് നേതാവിനെതിരെ യാതൊരു വസ്തുതയുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അതിന്റെ നേതാക്കന്മാര്‍ക്കുമെതിരെ എന്തു നുണയും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയുന്ന മനോരോഗ സമാനമായ മാനസികാവസ്ഥയിലാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇന്നുള്ളത്. ഇത്തരത്തിലുള്ള പ്രസ്താവന സമൂഹത്തില്‍ പരസ്പര വൈരം സൃഷ്ടിക്കുന്നതും ജനനേതാക്കളെ അപമാനിക്കുന്നതുമാണ്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ സമുന്നതമായ നേതൃത്വങ്ങളില്‍ ഒരാളായ സി.എച്ചിനെതിരെ നടത്തിയിട്ടുള്ള ചരിത്രവിരുദ്ധമായ പ്രസ്താവന പിന്‍വലിച്ച് സ്മൃതി പരുത്തിക്കാടും സി. ദാവൂദും കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.