തിരുവനന്തപുരം : കുഴിനഖ ചികിത്സയ്‌ക്കായി സർക്കാർ ഡോക്ടറെ കളക്ടർ വീട്ടിലേക്ക് വിളിച്ച് വരുത്തി . കളക്ടർ ജെറോമിക് ജോർജിനെതിരെ പരാതിയുമായി സർക്കാർ ഡോക്ടർമാർ . കുഴിനഖ ചികിത്സയ്‌ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും ഡ്യൂട്ടിക്കിടെ കളക്ടറുടെ വീട്ടിലെത്തി ചികിത്സ നൽകിയെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കളക്ടർ ഡിഎംഒയെ വിളിച്ച് കുഴിനഖ ചികിത്സയ്‌ക്കായി ഡോക്ടർമാരിൽ ഒരാളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത്. സ്വകാര്യ ആവശ്യങ്ങൾക്ക് സർക്കാർ ഡോക്ടർമാരെ വിട്ടുനൽകാൻ സാധിക്കില്ലെന്ന് ഡിഎംഒ പറഞ്ഞു. എന്നാൽ കളക്ടർ വീണ്ടും വിളിച്ച് ആവശ്യപ്പെട്ടതോടെ ഡിഎംഒ ഡോക്ടറെ വിട്ടു നൽകാൻ നിർബന്ധിതമാകുകയായിരുന്നു.

ഡോക്ടർ കളക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് കുഴിനഖത്തിനാണ് ചികിത്സ തേടിയതെന്ന് വ്യക്തമായത്. 20 മിനിറ്റോളം കാത്തു നിൽക്കേണ്ടി വന്നുവെന്നും ഡോക്ടർ പറഞ്ഞു. കളക്ടർ ജെറോമിക് ജോർജ്ജ് നടത്തിയത് അധികാര ദുർവ്വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി എന്നാണ് വിഷയത്തിൽ കെജിഎംഒഎയുടെ വാദം.

ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സമരത്തിലേക്ക് നീങ്ങുമെന്ന് കെജിഎംഒഎ പറഞ്ഞു. സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ടെന്നാണ് കളക്ടർക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ. പേരൂർക്കട മോഡൽ ആശുപത്രിയിൽ നിന്നും സർക്കാർ ഡോക്ടറെ, നിസാരമായ അസുഖം ചികിത്സിക്കുന്നതിനായി ജെറോമിക് ജോർജ് വിളിച്ചു വരുത്തിയിട്ടുണ്ടെന്ന് കെജിഎംഒഎ പ്രസിഡന്റ് പത്മപ്രസാദ് പറഞ്ഞു. സമാനമായ സംഭവങ്ങൾ ഇനിയും തുടർന്നാൽ സമരത്തിലേക്ക് നീങ്ങുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.