കൊല്ലം പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും മകന്റെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത് ഭാര്യയുമായി ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പ്രതി ശ്രീജു എന്ന സുജിത്ത്. പ്രതി കുറ്റം സമ്മതിച്ചതായും പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ജെ.എസ്. പ്രവീണ്‍ അറിയിച്ചു.
പരവൂര്‍ പൂതക്കുളം കൃഷിഭവനു സമീപം ചൊവ്വാഴ്ചയാണ് സംഭവം. പൂതക്കുളം വേപ്പിന്‍ മൂട് തെങ്ങില്‍ വീട്ടില്‍ 39 വയസ്സുള്ള പ്രീത, 14 വയസ്സുകാരിയായ മകള്‍ ശ്രീനന്ദ എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകന്‍ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന ശ്രീജുവിനെ ബുധനാഴ്ച വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പരവൂരിലെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയശേഷമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ തന്നെ കൂട്ട ആത്മഹത്യയ്ക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഭാര്യയ്ക്ക് എത്ര രൂപയുടെ കടമുണ്ടെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും ശ്രീജു പറഞ്ഞു. ഭാര്യയുടെ സമ്മതത്തോടെയാണ് കൃത്യം നടത്തിയത്.
രാത്രി പാലില്‍ ഉറക്കഗുളികകളും മറ്റും കലക്കി കൊടുത്തു. അതിന് ശേഷമാണ് മൂന്നു പേരുടെയും കഴുത്തറുത്തത്. മദ്യലഹരിയിലായിരുന്നുഎന്നും പോലീസിനോട് സമ്മതിച്ചു. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങള്‍ ബുധനാഴ്ച പകല്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പോലീസ് നിരീക്ഷണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശ്രീജുവിനെ ഇന്നലെ വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ തന്നെ പരവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരവൂരില്‍ എത്തിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി വൈകി പരവൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു.
ചാത്തന്നൂര്‍ എസിപി ബൈജു വി നായരുടെ മേല്‍നോട്ടത്തില്‍ പരവൂര്‍ എസ്.എച്ച്.ഒ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. ഗുരുതരാവസ്ഥയിലുള്ള ശ്രീരാഗിന്റെ സ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി എടുക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.