ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ക്ഷാമബത്ത അനുവദിച്ചതിന് പിന്നാലെയാണ് ജഡ്ജിമാർക്കും ക്ഷാമബത്ത അനുവദിച്ചത്; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 19 ശതമാനം ഡി.എ കുടിശികയെ കുറിച്ച് കെ.എൻ.ബാലഗോപാലിന് മൗനം
തിരുവനന്തപുരം: ജഡ്ജിമാർക്ക് 4 ശതമാനം ക്ഷാമബത്ത വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. വിരമിച്ച ജഡ്ജിമാർക്ക് ക്ഷാമ ആശ്വാസവും 4 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.
2024 ജനുവരി 1 മുതൽ പ്രാബല്യത്തിലാണ് ക്ഷാമബത്തയും ക്ഷാമആശ്വാസവും വർദ്ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 46 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർന്നു. കേന്ദ്ര സർക്കാർ 2024 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിൻ്റെ ചുവട് പിടിച്ചാണ് ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ഉയർത്തിയത്. കുടിശിക പണമായി നൽകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2021 ജൂലൈ മുതൽ ലഭിക്കേണ്ട 19 ശതമാനം ക്ഷാമബത്ത കുടിശിക ആണ്. നിലവിൽ അനുവദിച്ച 2 ശതമാനം ക്ഷാമബത്തയിൽ 39 മാസത്തെ അർഹതപ്പെട്ട കുടിശികയും ധനമന്ത്രി ബാലഗോപാൽ അനുവദിച്ചില്ല. അതേ ബാലഗോപാൽ ആണ് ജഡ്ജിമാർക്ക് കൃത്യമായി ഡി.എ അനുവദിക്കുന്നതും കുടിശിക പണമായി അനുവദിക്കുന്നതും എന്നതാണ് വിരോധാഭാസം.
ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ്ബ് നവീകരിക്കാനും ബാലഗോപാൽ 1.16 കോടി അനുവദിച്ചിരുന്നു. ഐ.എ.എസ്, ഐ.പി. എസ് ഉദ്യോഗസ്ഥർക്കും ഈ മാസം 2 ന് ക്ഷാമബത്ത 4 ശതമാനം അനുവദിച്ചിരുന്നു. ഉയർന്ന ശമ്പളം വാങ്ങിക്കുന്ന ജഡ്ജിമാർ, ഐഎഎസ്, ഐ.പിഎസുകാർ എന്നിവർക്കെല്ലാം കൃത്യമായി ക്ഷാമബത്ത നൽകുന്ന നയമാണ് ബാലഗോപാലിൻ്റേത്.
സർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷാമബത്ത ആവശ്യപ്പെട്ടാൽ സാമ്പത്തിക പ്രതിസന്ധി എന്ന വാദമാണ് ബാലഗോപാൽ ഉയർത്തുന്നത്. 1600 രൂപയുടെ തുച്ഛമായ ക്ഷേമ പെൻഷൻ പോലും 6 മാസമായി കുടിശികയാണ്. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു സംബന്ധിച്ചും സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കേണ്ട ക്ഷാമബത്ത / ക്ഷാമ ആശ്വാസം കുടിശിക ഇങ്ങനെ:
- 01.07.21 – 3%
- 01.01.22 – 3%
- 01.07.22 – 3%
- 01.01.23 – 4%
- 01.07.23 – 3%
- 01.01.24 – 3%
- ആകെ :- 19%