പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ല; ആനുകൂല്യങ്ങൾ വൈകും

ട്രഷറി പലിശ നൽകി പെൻഷൻ ആനുകൂല്യങ്ങൾ അടുത്ത സാമ്പത്തിക വർഷം നൽകാൻ നീക്കം; കെ.എൻ. ബാലഗോപാലിന്റെ നീക്കങ്ങള്‍ ഇങ്ങനെ..

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പെൻഷൻ പ്രായം ഉയർത്തുന്നത് സാമ്പത്തിക പ്രതിസന്ധി കാലത്ത് നേട്ടമാകും എന്ന അഭിപ്രായമാണ് ധനകാര്യ സെക്രട്ടറി അടക്കമുള്ളവർക്ക് ഉള്ളത്. പെൻഷൻ പ്രായം 2 വർഷം കൂട്ടണമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിൻ്റെ നിർദ്ദേശവും സർക്കാരിൻ്റെ സജീവ പരിഗണനയിലാണ്.

പൊതുമേഖല സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കിയത് പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു. പാർട്ടി സെക്രട്ടറിയായ എം.വി ഗോവിന്ദനും പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ നിലപാടിന് എതിരായിരുന്നു. ഈ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ പേർ വിരമിക്കുന്നത് മെയ് മാസമാണ്. 20,000 പേരാണ് ഈ മാസം വിരമിക്കുന്നത്.

പി.എഫ്, ഗ്രൂപ്പ് ഇൻഷുറൻസ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് , ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ തുടങ്ങിയ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ 15000 കോടി രൂപ വേണം.പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ ഈ തുക കൊടുക്കുന്നത് ഒഴിവാക്കാം.ലോകസഭ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരത്തെ പ്രചരണം കൊണ്ട് മറികടന്നു എന്നായിരുന്നു സി പി എം സെക്രട്ടറിയേറ്റിൻ്റെ കണ്ടെത്തൽ.

ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് സിപിഎം തന്നെ സമ്മതിക്കുന്നു. അതിനിടയിൽ പെൻഷൻ പ്രായം വർദ്ധിപ്പിച്ച് ഭരണ വിരുദ്ധ വികാരത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കണോ എന്നാണ് ഗോവിന്ദൻ പക്ഷത്തിൻ്റെ ചോദ്യം.പ്രതിപക്ഷം അതിശക്തമായി ഇതിനെതിരെ രംഗത്ത് വരും. രാഷ്ട്രീയമായി പ്രതിപക്ഷത്തിന് ഗുണം ചെയ്യുന്ന തീരുമാനം ആയതിനാൽ പെൻഷൻ പ്രായം കൂട്ടേണ്ട എന്ന അഭിപ്രായത്തിനാണ് മേൽക്കൈ.

പകരം പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നത് അടുത്ത സാമ്പത്തിക വർഷത്തിലേക്ക് നീട്ടാനുള്ള നീക്കവും ധനവകുപ്പ് ആലോചിക്കുന്നുണ്ട്. പെൻഷൻ ആനുകൂല്യങ്ങൾക്ക് ട്രഷറി പലിശ നൽകാം എന്ന ഓഫറും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പെൻഷൻ ആനുകൂല്യങ്ങൾ ജീവനക്കാരൻ്റെ അവകാശമായതിനാൽ കോടതിയിൽ നിന്ന് ഈ നീക്കത്തിന് തിരിച്ചടി ഉണ്ടാകാനും സാധ്യതയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments