വാഷിങ്ടണ്‍ ഡിസി: ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാൻ) അന്തരിച്ചു. ഡാലസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നെങ്കിലും ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. യു.എസ്സിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 05:25-ഓടെയായിരുന്നു അപകടം.
പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.
അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി.