തൃശ്ശൂരില്‍ മനുവെന്ന യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നത് കുടുംബ തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ പ്രതികാരം മൂലമെന്ന് പൊലീസ്. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കോടന്നൂരില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയോടെയാണ് കൊലപാതകം സംഭവിച്ചത്.
ശിവപുരം കോളനിയില്‍ നെല്ലാത്ത് വീട്ടിലെ തര്‍ക്കം പരിഹരിക്കാന്‍ മനു ഇടപെട്ടതാണ് പ്രശ്നത്തിന് കാരണം. തര്‍ക്കത്തില്‍ പരിഹാര ചര്‍ച്ച നടക്കുന്നതിനിടെ ജിഷ്ണു എന്നയാള്‍ പ്രതി മണികണ്ഠനെയും സംഘത്തെയും വിളിച്ചു വരുത്തി. മണികണ്ഠനും സംഘവും എത്തിയപ്പോള്‍ കൊല്ലപ്പെട്ട മനു അവിടെയുണ്ടായിരുന്നു.
ചര്‍ച്ചയില്‍ തര്‍ക്കമുണ്ടായതോടെ സംഘര്‍ഷം നടന്നു. സംഘര്‍ഷത്തില്‍ മനുവിന്റെ നെറ്റിയില്‍ മുറിവുണ്ടായി. തുടര്‍ന്ന് മനു സുഹൃത്തിനൊപ്പം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സുഹൃത്തിന്റെ ബൈക്ക് മടക്കിക്കൊടുക്കാനായി കോടന്നൂരില്‍ കാത്തു നില്‍ക്കുകയായിരുന്നു മനു. ഈ സമയം സ്ഥലത്തെത്തിയ മണികണ്ഠന്‍, അനുജന്‍ പ്രണവ്, സുഹൃത്ത് ആഷിക്ക് എന്നിവര്‍ ചേര്‍ന്ന് മനുവിനെ ആക്രമിക്കുകയായിരുന്നു.
ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.