താനൂർ കസ്റ്റഡി മരണം ; നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ച കേസാണിത്. ലഹരി മരുന്ന് കേസിലാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്.

എന്നാല്‍, ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായി.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരിൽ നിന്ന് എംഡിഎംഎ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എഫ്എസ്എൽ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി ജാമ്യം നല്‍കിയത്.

പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപട്ടികയിലുണ്ടായിരുന്നത്. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ പ്രതി പട്ടികയിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റ് ചെയ്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments