തിരുവനന്തപുരം: ശമ്പളത്തേക്കാൾ കൂടുതൽ യാത്രപ്പടി കൈപറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് യാത്രപ്പടിയായി (TA) 2023- 24 ൽ 45,71,814 രൂപ നൽകിയെന്ന് ധനവകുപ്പ് ഏപ്രിൽ 29 ന് ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.

2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ ആരിഫ് മുഹമ്മദ് ഖാൻ യാത്രപ്പടിയായി കൈപറ്റിയത് 45,71,814 രൂപ. 42 ലക്ഷം രൂപയാണ് ഗവർണറുടെ വാർഷിക ശമ്പളം. ശമ്പളത്തേക്കാൾ കൂടുതൽ യാത്രപ്പടി ആരിഫ് മുഹമ്മദ് ഖാൻ കൈപറ്റിയെന്ന് വ്യക്തം. മാസത്തിൻ്റെ പകുതിയിൽ താഴെ ദിവസങ്ങളിലേ ഗവർണർ രാജ്ഭവനിൽ തങ്ങുന്നുള്ളൂ.

കൂടുതൽ സമയവും വടക്കേ ഇന്ത്യയിലെ ബന്ധുക്കളെ കാണാനുള്ള യാത്രയിലാണ് ഗവർണർ. ഇതിൻ്റെയെല്ലാം ചെലവ് വഹിക്കേണ്ടത് സംസ്ഥാന ഖജനാവും. 2012- 03 – 108- 99 – 04- 1 ( charged) എന്ന ശീർഷകത്തിലാണ് ഗവർണർക്ക് യാത്രപ്പടി നൽകുന്നത്. 12.50 ലക്ഷം രൂപയായിരുന്നു 2023- 24 ലെ ബജറ്റിൽ ഗവർണർക്ക് യാത്രപ്പടിയായി വകയിരുത്തിയത്. ഇതാണ് 45.71 ലക്ഷമായി ഉയർന്നത്.

ബജറ്റ് വിഹിതത്തേക്കാൾ നാലിരട്ടിയിലധികം തുക ആരിഫ് മുഹമ്മദ് ഖാൻ യാത്രപ്പടിയായി കൈ പറ്റി. ഗവർണർ മുഖ്യമന്ത്രി തർക്കം രൂക്ഷമായ 2023 – 24 കാലഘട്ടത്തിലും ആരിഫ് മുഹമ്മദ് ഖാൻ്റെ യാത്രക്ക് ലക്ഷങ്ങൾ അനുവദിക്കുന്നതിൽ പിണറായി അമാന്തം കാണിച്ചില്ല. 2019 സെപ്റ്റംബർ 6 നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ ആയത്. ഈ വർഷം സെപ്റ്റംബറിന് ആരിഫ് മുഹമ്മദ് ഖാൻ്റെ കാലാവധി കഴിയും.

2022-23 ൽ 45.66 ലക്ഷവും 2021-22 ൽ 14.19 ലക്ഷവും 2020-21 ൽ 5.34 ലക്ഷവും 2019 -20 ൽ 18.47 ലക്ഷവും ഗവർണർ യാത്രപ്പടിയായി കൈപറ്റിയെന്ന് ബജറ്റ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 1,29,40,556 രൂപയാണ് യാത്രപ്പടിയായി ഗവർണർ ഇതുവരെ കൈ പറ്റിയത്.