ഡല്‍ഹി : താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഒരു കാരണവശാലും മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് പ്രധാനമന്ത്രി . അംബേദ്കര്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള ക്വാട്ടയെ എതിര്‍ക്കുകയും അത് എസ് സി, എസ് ടി, ബി സി വിഭാഗക്കാര്‍ക്ക് മാത്രമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി പിന്‍വാതിലിലൂടെ മുസ്ലിങ്ങള്‍ക്ക് ക്വാട്ട കൊണ്ടുവന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഭരണഘടനയെ തുരങ്കം വെക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
അതിനാൽ എനിക്ക് ജീവനുള്ള കാലത്തോളം മുസ്ലീങ്ങള്‍ക്ക് സംവരണ ക്വാട്ട അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് തടസപ്പെടുത്തുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇവിഎമ്മുകളെയും ചോദ്യം ചെയ്യുകയും ചെയ്യുമെന്നും മോദി കുറ്റപ്പെടുത്തി.
അവര്‍ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതറ്റം വരെയും പോകും എന്നും മോദി പറഞ്ഞു. കൈപ്പത്തിയുടെ അഞ്ച് വിരലുകള്‍ നുണകള്‍, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയ/സാമൂഹിക വിരുദ്ധര്‍, അഴിമതി, രാജവംശ രാഷ്ട്രീയം എന്നിവയെ ആണ് പ്രതിനിധീകരിക്കുന്നതെന്നും മോദി പറഞ്ഞു.
അതേ സമയം പത്ത് വർഷത്തെ മോദി ഭരണത്തിൽ വന്ന മാറ്റങ്ങൾ എടുത്ത് പറയാനും പ്രധാനമന്ത്രി നേരന്ദ്ര മോദി മറന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഹീറാബാദില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം.