തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ ഭാഗമായി നിരത്തിലിറങ്ങിയ നവകേരള ബസ് മേയ് 5 മുതൽ കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസായി ഓടിത്തുടങ്ങും. മേയ് 1 ബുധനാഴ്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്തുനിന്നും കോഴിക്കോടേക്ക് സർവീസായി യാത്ര ചെയ്യുമെന്നാണ് വിവരം.
ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച യാത്രാനുഭവമാണ് ഗരുഡ പ്രീമിയം എന്ന പേരിലാണ് നവകേരള ബസ്സ് ഇനിമുതൽ അറിയപ്പെടുക .ട്രിപ്പിൽ ടിക്കറ്റ് എടുത്ത് ആളുകൾക്ക് യാത്ര ചെയ്യാം. മാത്രമല്ല ഓൺലൈൻ റിസർവേഷൻ സൗകര്യമുൾപ്പെടെയാണ് സർവീസ് നടത്തുന്നത്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സർവീസ്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൂടാതെ എസി ബസ്സുകൾക്കുള്ള 5 ശതമാനം ലക്‌ഷ്വറി ടാക്സും നൽകണം. രാവിലെ 4 മണിക്ക് കോഴിക്കോട്ടുനിന്നും യാത്രതിരിക്കുന്ന ബസ് കൽപറ്റ, ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11.35 ന് ബെംഗളൂരുവിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവിൽനിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തും.
കോഴിക്കോട്, കൽപറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകൾ. എയർകണ്ടീഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനങ്ങളും ഒരുക്കി. യാത്രക്കാർക്ക് ആവശ്യാനുസരണം ലഗ്ഗേജ് സൂക്ഷിക്കാം.