തിരുവനന്തപുരം: ശോഭ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍. ഇ.പി. ജയരാജനുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് പുറത്തുപറഞ്ഞ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് ശോഭ സുരേന്ദ്രനെതിരെയുള്ള ആക്ഷേപം. ബിജെപിയിലേക്ക് മറ്റ് പാർട്ടികളില്‍ നിന്ന് നേതാക്കളെ എത്തിക്കാൻ ശ്രമം നടത്തുമ്പോള്‍ ഇത്തരം കൂടിക്കാഴ്ച്ചകളെക്കുറിച്ച് പരസ്യമാക്കിയാല്‍ ഇനി ഒരു നേതാവും ചർച്ചക്ക് പോലും തയ്യാറാകില്ലെന്ന കാര്യമാണ് ശോഭക്ക് എതിരെയുള്ള വിമർശനം.
നടപടി ആവശ്യപ്പെട്ട് ജാവദേക്കര്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുത്തതിന് ശേഷമേ ഇനി ജാവദേക്കര്‍ കേരളത്തിലെത്തി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയുള്ളൂവെന്നാണ് സൂചന.
പാര്‍ട്ടിയുടെ രഹസ്യ ചര്‍ച്ചകള്‍ പരസ്യമാക്കി ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. മോദിയുടെ ഗ്യാരന്റി മുദ്രാവാക്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ശോഭ പൊളിച്ചെന്നുമാണ് ജാവദേക്കറുടെ പരാതി.
ഇതോടെ ഇ.പി ജയരാജന്‍ – പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത് സിപിഎമ്മില്‍ മാത്രമല്ല ബിജെപിയിലും ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുകയാണ്. ജനുവരിയിലെ കൂടിക്കാഴ്ച്ചയെക്കുറിച്ച് ശോഭ പുറത്തുപറഞ്ഞത് ദേശിയ തലത്തില്‍ തന്നെ ക്ഷീണം വരുത്തിയെന്നാണ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ നിന്നുള്ള നേതാക്കളും ശോഭക്കെതിരെ നീക്കം നടത്തുന്നുണ്ട്.
മെയ് ഏഴാം തീയതി കേരളത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്താനായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. എന്നാല്‍ ഈ യോഗത്തിലും പ്രകാശ് ജാവദേക്കര്‍ പങ്കെടുത്തേക്കില്ല.