തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞതെല്ലാം തെറ്റ് . മേയറുടെ വാദങ്ങൾക്ക് വിപരീതമായ കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തർക്കത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന ബസിൻറെ യാത്ര തടസ്സപ്പെടുത്തി മേയറുടെ കാർ നിർത്തിയിട്ടത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നനലിലാണ് കെഎസ്ആർടിസി ബസ് തടഞ്ഞിരിക്കുന്നത്. സീബ്രാ ലൈനിൽ ബസിൻ മുന്നിൽ കാർ കുറുകെയിട്ടു. കെഎസ്ആർടിസി ബസിൻറെ യാത്ര തടഞ്ഞുവെന്ന് ദൃശ്യങ്ങളിൽ വ്യക്തം. ഏറെ നേരം പരസ്പരമുള്ള പോർവിളികൾക്ക് പിന്നീട് വാഹനം മാറ്റിയിടുന്നത്.
വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിൻ്റെ വാദവും പൊളിയുകയാണ്. സിഗ്നലിൽ വാഹനം നിർത്തിയപ്പോഴാണ് മേയറും എംഎൽഎയും ഡ്രൈവറോടും സംസാരിച്ചത്. ഡ്യൂട്ടി തടസ്സപ്പെടുത്തുന്ന തരത്തിൽ മേയർ വാഹനം ഇട്ടില്ലെന്നായിരുന്നു പൊലീസിൻ്റെയും മേയറുടെയും വാദം. എന്നാൽ മുൻഭാഗം വാഹനം ഇട്ടെന്നും പിന്നീട് മാറ്റുകയും ചെയ്തുവെന്നാണ് മേയർ പറഞ്ഞത്. ഇവയെല്ലാം തകിടം മറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇതിനിടെ സംഭവത്തിൽ യാതൊരുവിധ അന്വേഷണവും നടത്താതെ ഡ്രൈവർ യദുവിനെതിരെ പ്രതികാരം തീർത്തിരിക്കുകയാണ് കെഎസ്ആർടിസി. സർവീസിൽ നിന്ന് മാറ്റി നിർത്താൻ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ഷാജി നിർദ്ദേശം നൽകി. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യദുവിനെ ജോലിയിൽ പ്രവേശിപ്പിക്കേണ്ടന്ന് തമ്പാനൂർ എടിഒ മുഹമ്മദ് ബഷീറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിടിഒയ്‌ക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശത്തിൽ പറയുന്നു.
രാത്രി വൈകിയുണ്ടായ തർക്കത്തിൽ ആദ്യം പരാതിപ്പെട്ടത് യദുവാണ്. എന്നിട്ടും പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്ന് ഡ്രൈവർ പറയുന്നു. ഡ്രൈവർ നൽകിയ പരാതിയിൽ കതമ്പില്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം. മേയറുടെ പരാതിയെ പ്രതിരോധിക്കാനുള്ള ശ്രമം മാത്രമാണ് പരാതിയെന്നുമാണ് പൊലീസ് പറയുന്നത്.