
ഇന്ത്യ കുതിക്കുന്നു. പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാകുമെന്ന് നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതി ശീര്‍ഷ വരുമാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ വര്‍ധിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടത്തിയ ഘടനാപരമായ പരിഷ്‌കാരങ്ങളുടെ സഹായത്തോടെ വരും ദശകങ്ങളില്‍ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയരും.
കൗടിലിയ ഇക്കണോമിക് കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രിയുടെ വാക്കുകളാണിത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 10-ല്‍ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്. 2047 ഓടെ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തെ അടയാളപ്പെടുത്തുമ്പോള്‍, പുതിയ ഇന്ത്യന്‍ യുഗത്തിന് വികസിത രാജ്യങ്ങള്‍ക്ക് സമാനമായ പ്രധാന സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും സംസ്‌കാരത്തിന്റെയും ഊര്‍ജ്ജസ്വലമായ കൈമാറ്റത്തിന്റെ കേന്ദ്രമായി മാറുന്നതിലൂടെ വിക്ഷിത് ഭാരത് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും അഭിവൃദ്ധി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.