
ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് പോലീസ്
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ഒരാളെ കൊലപ്പെടുത്തി മറ്റൊരാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ കാലങ്ങളായി തര്‍ക്കമുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. ആന്റണിയെ തലക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലും അരവിന്ദാക്ഷനെ ബാങ്കിന് സമീപത്തുള്ള കാനയില്‍ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
അരവിന്ദക്ഷൻ മൂന്ന് വർഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്. ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം. ജോലി സ്ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ഇതിന് പിന്നാലെ എത്തിയ കാഷ്യറും മാനേജറും പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടേത് സമീപത്തെ ചാലില്‍ നിന്നുമാണ് കണ്ടെത്തിയത്.