ദില്ലി: കോൺഗ്രസ് പാർട്ടിയുടെ ദില്ലി സംസ്ഥാന അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി രാജിവച്ചു. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. ആംആദ്മി പാർട്ടിയുമായുള്ള സഹകരണം, ദില്ലിയില്‍ കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വം എന്നിവയാണ് അരവിന്ദർ സിംഗ് ലൗലിയെ ചൊടിപ്പിച്ചത്. ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിൽ ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നുവെന്ന് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അരവിന്ദർ സിംഗ് അയച്ച രാജിക്കത്തിൽ വ്യക്തമാക്കി.
കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചാണ് എ.എ.പി രൂപീകരിച്ചത്. ഇവരുമായുള്ള സഖ്യത്തെ ഡൽഹി കോൺഗ്രസ് എതിർത്തു. എന്നിട്ടും സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറി ഇൻചാർജ് ദീപക് ബാബരിയെയും അരവിന്ദർ സിംഗ് വിമർശിച്ചു. അദ്ദേഹം സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും തീരുമാനങ്ങളെ എതിർക്കുകയാണെന്നും കത്തിൽ ആരോപിച്ചു.
കനയ്യ കുമാറിന്‍റെ സ്ഥാനാർത്ഥിത്വത്തിലടക്കം പ്രതിഷേധമുണ്ട്. പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. 2023 ആഗസ്റ്റ് 31നാണ് ദില്ലി പിസിസി അധ്യക്ഷനായി ലവ്ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്. രാജിവെക്കാനുള്ള കാരണങ്ങളും രാജി കത്തില്‍ വിശദമായി പറയുന്നുണ്ട്.