ഡ്രൈ ഡേ വേണ്ട: മദ്യ നിരോധന ദിനം ആവശ്യമില്ലെന്ന നി​ഗമനത്തിൽ സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ മാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ, ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും.

ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച്‌ ഈ നിർദേശത്തെക്കുറിച്ച്‌ കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്.

മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.

കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങൾക്കും പ്രോത്സാഹനം നൽകും. കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments