തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും വോട്ട് കൈവിടുമോയെന്ന ആശങ്കയിൽ എൽ.ഡി.എഫ്. ഇവരുടെ 40,000 കോടിയുടെ ആനുകൂല്യങ്ങളാണ് സർക്കാർ തടഞ്ഞത്. അതുകൊണ്ടുതന്നെ വോട്ടിന്റെ കാര്യത്തില്‍ ആശങ്ക ഉണ്ടായില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു.

തടഞ്ഞുവെച്ച 40000 കോടിയുടെ ആനുകൂല്യങ്ങൾ എന്ന് കൊടുക്കാൻ പറ്റുമെന്നു പോലും സർക്കാർ ഉറപ്പ് പറയുന്നില്ല. ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ, 19 ശതമാനം ഡി.എ കുടിശിക, പ്രഖ്യാപിച്ച 2 ശതമാനം ഡി.എ യുടെ 39 മാസത്തെ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങളാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്.

ഒരു ഗഡു പെൻഷൻ പരിഷ്കരണ കുടിശിക, ഡി.ആർ പരിഷ്കരണ കുടിശിക, 19 ശതമാനം ഡി.ആർ കുടിശിക, പ്രഖ്യാപിച്ച 2 ശതമാനം ഡി. ആറിൻ്റെ 39 മാസത്തെ കുടിശിക എന്നിവയാണ് പെൻഷൻകാർക്ക് ലഭിക്കാനുള്ളത്. 2024 ജൂലൈ മുതൽ ലഭിക്കേണ്ട ശമ്പള – പെൻഷൻ പരിഷ്കരണത്തിൻ്റെ കമ്മീഷനെ പോലും സർക്കാർ ഇതുവരെ നിയമിച്ചിട്ടില്ല.

അഞ്ച് വർഷത്തിലൊരിക്കൽ എന്ന രീതിയിൽ ലഭിച്ചുകൊണ്ടിരുന്ന ശമ്പള പരിഷ്കരണം അട്ടിമറിക്കപ്പെട്ടു. പത്ത് വർഷത്തിലൊരിക്കൽ മതി ശമ്പള പരിഷ്കരണം എന്ന നിലപാടിലേക്കാണ് സർക്കാരിൻ്റെ യാത്ര. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന സർക്കാർ വാഗ്ദാനം എട്ട് വർഷമായിട്ടും നടപ്പാക്കിയതും ഇല്ല. പകരം പങ്കാളിത്ത പെൻഷനെ ശക്തിപ്പെടുത്തുകയാണ് ഐസക്കും ബാലഗോപാലും ചെയ്തത്.

മെഡിസെപ്പ് എന്ന ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് മിക്ക ആശുപത്രികളും പിൻവാങ്ങി. ഭൂരിഭാഗവും കണ്ണ് ആശുപത്രികളാണ് പദ്ധതിയിൽ ഉള്ളത്. ജീവനക്കാർക്കും പെൻഷൻകാർക്കും യാതൊരു പ്രയോജനവും ലഭിക്കാത്ത മെഡിസെപ്പിൻ്റെ പ്രീമിയം മാസം 500 രൂപയാണ്. ഇത് ഉയർത്താനും നീക്കം നടക്കുന്നുണ്ട്.

1.25 ലക്ഷം പെൻഷൻകാരാണ് കഴിഞ്ഞ 3 വർഷത്തിനിടയിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ മരണപ്പെട്ടത്. 5.50 ലക്ഷം സർക്കാർ ജീവനക്കാരും 6.50 ലക്ഷം പെൻഷൻകാരും ആണ് സംസ്ഥാനത്തുള്ളത്. ഇവരെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാൽ 75 ലക്ഷം കവിയും.

40000 കോടിയുടെ ആനുകൂല്യങ്ങൾ തടഞ്ഞ ചരിത്രം സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ബാലഗോപാലിൻ്റെ പിടിപ്പുകേടിൽ ഒന്നാം തീയതി ശമ്പളവും പെൻഷനും വരെ മുടങ്ങി. ഈ വർഷം എല്ലാ മാസവും ശമ്പളവും പെൻഷനും കിട്ടുമോയെന്ന ഉറപ്പ് പോലും നൽകാൻ ബാലഗോപാലിന് ആകുന്നില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സാമ്പത്തിക പ്രതിസന്ധി ബാധകവും അല്ല. അവർക്ക് എല്ലാം കൃത്യമായി കിട്ടുന്നുണ്ട്.

ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള വിവിധ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായി മാറിയിരിക്കുകയാണ് സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ആളികത്തുകയാണ്. അതിനോടൊപ്പം ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിഷേധം വോട്ടായി മാറിയാൽ എൽ.ഡി.എഫ് വട്ടപൂജ്യം എന്ന നിലയിലേക്ക് താഴും എന്ന് വ്യക്തം.