സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കുന്ന രീതി നിര്‍ത്തലാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവര്‍ഷം ഇത്തരം സമ്പ്രദായം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞു. ഈ നിര്‍ദേശം സ്‌കൂളുകള്‍ക്ക് കൈമാറാന്‍ ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി.
അധ്യയനവര്‍ഷത്തിലെ അവസാനദിവസങ്ങളില്‍ യാത്രഅയപ്പിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങളും വാച്ചുകളും അലങ്കാരവസ്തുക്കളും സമ്മാനമായി നല്‍കുന്ന രീതി അടുത്തിടെയായി വ്യാപിച്ചിരുന്നു.
വന്‍ തുകയാണ് ഇതിനായി ചില വിദ്യാര്‍ഥികള്‍ ചിലവിടുന്നത്. അധ്യാപകരില്‍ ഒരുവിഭാഗം ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും ചിലര്‍ ഇതിനെ പ്രോല്‍സാഹിപ്പിച്ചു. ഇതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മാനവിതരണം ബാധ്യതയായി മാറിയിരുന്നു.
അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടുള്ള യാത്രയയപ്പിനെതിരെ സമൂഹത്തില്‍ അമര്‍ഷം പുകഞ്ഞതോടെയാണ് വിദ്യാഭ്യാസവകുപ്പ് നേരിട്ട് ഇടപെട്ടത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം കൂടാതെ അന്യരില്‍നിന്ന് സമ്മാനമോ പ്രതിഫലമോ പാരിതോഷികമോ പ്രത്യക്ഷമായോ പരോക്ഷമായോ സ്വീകരിക്കുകയോ, അപ്രകാരം സ്വീകരിക്കാന്‍ തന്റെ കുടുംബാംഗങ്ങളില്‍ ആരെയും അനുവദിക്കുകയോ പാടില്ലെന്ന് കേരള വിദ്യാഭ്യാസ ആക്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അഭിനന്ദനസൂചകമായി പുഷ്പങ്ങളോ ഫലങ്ങളോ പോലുള്ളവ സ്വീകരിക്കാമെങ്കിലും അതും നിരുത്സാഹപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇതെല്ലാം അവഗണിച്ചാണ് വിദ്യാര്‍ഥികളില്‍നിന്ന് അധ്യാപകര്‍ സമ്മാനങ്ങള്‍ കൈപ്പറ്റുന്നത്.