കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎല്‍എ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നാണ് അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന നിലപാടാണ് തനിക്കെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.
അതേസമയം, പിവി അന്‍വറിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തി. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ഗാന്ധി നല്ലവണ്ണം കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി.വി.അന്‍വറിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
പാലക്കാട് എടത്തനാട്ടുകര എല്‍ഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയിലായിരുന്നു അധിക്ഷേപം. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് അന്‍വറിന്റെ അധിക്ഷേപം.
‘രാഹുല്‍ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറി. ഞാന്‍ മാത്രമല്ല ഇത് പറയുന്നത്. നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സില്‍ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുമോ. എനിക്കാ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് – അന്‍വര്‍ പറഞ്ഞു.
‘രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുല്‍ ഗാന്ധി.രാഹുല്‍ഗാന്ധിക്ക് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ ഈ ഘട്ടത്തില്‍ അദ്ദേഹം കേരളത്തില്‍ വന്നു പറഞ്ഞ കാര്യങ്ങള്‍ സാധാരണ രാഷ്ട്രീയ നേതാവിനു ചേര്‍ന്നതല്ല. രാജ്യത്ത് അതീവ ഗൗരവമായ വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ രാഹുല്‍ ഗാന്ധി ഇവിടെയുണ്ടാകില്ല. കേരളത്തില്‍ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിയെപ്പോലൊരാളില്‍ നിന്നും ഉണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ നേതാക്കള്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ട വ്യക്തിയല്ല രാഹുല്‍. അതാണ് രാഹുല്‍ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. ആ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’ – മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. നെഹ്‌റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍ ആവശ്യപ്പെട്ടു. പി.വി.അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍.
ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പി.വി.അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്‍, ഈ അപമാന പ്രസംഗം സ്വയം പറയാതെ പി.വി.അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസന്‍ ആരോപിച്ചു.