സലാമിനെ മാറ്റണമെന്നാണ് ആഗ്രഹമെന്ന് ഉമര്‍ ഫൈസി മുക്കം.
മുസ്ലിം ലീഗിനെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്ത മുശാവറ അംഗം സെക്രട്ടറി ഉമര്‍ഫൈസി മുക്കം തന്നെ രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിലുള്ള അകല്‍ച്ച പുറത്തേക്ക്.
മുസ്ലിംലീഗിലെ 75-80 ശതമാനം പ്രവര്‍ത്തകരും സമസ്തക്കാരാണ് അവരെ വെറുപ്പിക്കുന്ന ഒരാള്‍, പരസ്യമായി വിമര്‍ശിക്കുന്ന ഒരാള്‍ ലീഗിന്റെ സെക്രട്ടറിയായി ഇരുന്നാല്‍ അത് ദോഷകരമായി ബാധിക്കുന്നത് ലീഗിനെയായിരിക്കുമെന്ന് ഉമര്‍ ഫൈസി മുക്കം പറയുന്നു. ഇത് മനസ്സിലാക്കി ഇത്തരം ആളുകളെ മാറ്റിനിര്‍ത്തേണ്ടേയെന്ന ചോദ്യമാണ് ഉയരുന്നത്. വഹാബികളായ ആളുകളും മുസ്ലിംലീഗിലും അതിന്റെ നേതൃത്വത്തിലും ഉണ്ടായിരുന്നെങ്കിലും അവര്‍ പക്വമായാണ് പെരുമാറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതിയെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.
ലീഗിനും സമസ്തയ്ക്കും ഉള്ളിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞായിരുന്നു ഉമര്‍ഫൈസിയുടെ വിമര്‍ശനം. സമസ്ത വിലക്കിയ പരിപാടികളില്‍ പാണക്കാട്ടെ നേതൃത്വം പങ്കെടുക്കുന്നുവെന്നും സി.ഐ.സി. വിഷയത്തില്‍ ലീഗ് നേതൃത്വം സമസ്തക്കെതിരേ നിലപാട് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയും ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെയും ഉമര്‍ ഫൈസി രൂക്ഷ വിമര്‍ശനമുന്നയിച്ചു.
ലീഗ് ജനറല്‍ സെക്രട്ടറി സമസ്തയെ നിരന്തരം അപമാനിക്കുകയാണ്. ഇതില്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ട്. സമസ്ത വിലക്കിയ പരിപാടികളില്‍ ബാഫഖി തങ്ങളോ, പൂക്കോയ തങ്ങളോ, മുഹമ്മദലി ശിഹാബ് തങ്ങളോ, ഉമറലി തങ്ങളോ, ഹൈദരലി ശിഹാബ് തങ്ങളോ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. നിരന്തരം സമസ്തയെ ലംഘിച്ചുകൊണ്ട് ഇതരപ്രസ്താനക്കാരുടെ സമ്മേളനങ്ങളിലും ആദര്‍ശപ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നു. സിഐസി വിഷയത്തില്‍ സമസ്തയ്ക്ക് എതിര് പ്രവര്‍ത്തിച്ചു. പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നവരെ സഖാവായി ചിത്രീകരിക്കുന്നു. സമസ്തയിലെ ആളുകള്‍ സഖാവാണെന്ന് പറഞ്ഞതുകൊണ്ട് ഇതിനെല്ലാം മറുമരുന്ന് ആകില്ല- ഉമര്‍ ഫൈസി പറഞ്ഞു.
പൊന്നാനിയിലെ സ്ഥാനാര്‍ഥി ഹംസ പറയുന്നതില്‍ കാര്യമുണ്ട്. ഹൈദരലി ശിഹാബ് തങ്ങളെ രാവിലെ മുതല്‍ വൈകുന്നേരം വരെ മുറിയിലിട്ട് ഇ.ഡി. ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹം കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാല്‍ കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ ആരോപണമാണ്. അദ്ദേഹത്തെ മരണത്തിലേക്ക് അടുപ്പിച്ചു എന്നത് ഗുരുതരമായ ആരോപണമാണെന്നും ഉമര്‍ഫൈസി പറഞ്ഞു.