പൊന്നാനി: 1993ല്‍ ഒറ്റപ്പാലത്തുണ്ടായ അട്ടിമറി ഇത്തവണ പൊന്നാനിയില്‍ സംഭവിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. അഴീക്കലില്‍ പൊന്നാനി നിയമസഭാ മണ്ഡലം പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദ് പൊളിച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു 1993ലേത്. പള്ളി പൊളിച്ചയിടത്ത് അമ്പലം നിര്‍മ്മിച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മാറ്റം വേണമെന്ന് ഇത്തവണ പൊന്നാനിക്കാര്‍ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലുടനീളം ലഭിക്കുന്ന വര്‍ധിച്ച ജനപിന്തുണ അത് വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ വര്‍ഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനാണ് കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് രാജ്യത്തെ ജനത കനത്ത ആശങ്കയിലാണ്. പൗരത്വ ഭേദഗതി നിയമം ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടുകളാണ് അല്‍പ്പമെങ്കിലും ആശ്വാസമേകുന്നതെന്നും ഹംസ പറഞ്ഞു.
തുറന്ന വാഹനത്തിലായിരുന്നു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പര്യടനം.

പെരുമ്പടപ്പ് പഞ്ചായത്തില്‍നിന്ന് തുടങ്ങി വെളിയംകോട് വഴി പൊന്നാനി അഴീക്കലില്‍ സമാപിച്ചു. തീരദേശ മേഖല കേന്ദ്രീകരിച്ചായിരുന്നു പര്യടനം. മണിക്കൂറുകള്‍ വൈകിയിട്ടും വന്‍ ജനാവലിയാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനുണ്ടായിരുന്നത്. സ്ത്രീകളുടെ വലിയ പങ്കാളിത്തം തീരദേശത്തെ പുതിയ മാറ്റത്തിന്റെ കാറ്റ് സൂചിപ്പിക്കുന്നതായി.

വിവിധ കേന്ദ്രങ്ങളില്‍ പി. ശ്രീരാമകൃഷ്ണന്‍, പി. നന്ദകുമാര്‍ എം.എല്‍.എ, സി.പി മുഹമ്മദ് കുഞ്ഞി, ടി. സത്യന്‍, പിഎം.എ ഹമീദ്,
സുരേഷ് കാക്കനാത്ത്, അഡ്വ. സിന്ധു, ഇ.ജി നരേന്ദ്രന്‍, നൂറുദ്ദീന്‍, ആറ്റുണ്ണി തങ്ങള്‍, ഹുസൈന്‍, കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, ഇമ്പിച്ചിക്കോയ, അഡ്വ. എം.കെ സുരേഷ് ബാബു, യു.കെ അബൂബക്കര്‍, ഇന്ദിര, അയൂബ്, രാജന്‍, ഒ. ഷംസു, സിദ്ധീക്ക്, എ.കെ ജബ്ബാര്‍, റഫീക്ക് മാറഞ്ചേരി, സക്കീര്‍ ഒതളൂര്‍, ഷംസുദ്ദീന്‍, മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.