തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് നാല് നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാർ. ആലത്തൂർ, പാലക്കാട്, മട്ടന്നൂർ, വർക്കല എന്നീ നാല് അസംബ്ളി മണ്ഡലങ്ങളിലെ വോട്ടർമാരാണ് ആകാംക്ഷയോടെ തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നത്.

മന്ത്രി കെ. രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ, കെ.കെ. ശൈലജ, വി. ജോയി തുടങ്ങിയ 4 എം.എൽ.എമാർ എം.പി സീറ്റിലേക്ക് മൽസരിക്കുമ്പോൾ വോട്ടർമാർക്ക് ആകാംക്ഷ ഉണ്ടായില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു. ആലത്തൂരും ആറ്റിങ്ങലും ശക്തമായ മൽസരം സംഘടിപ്പിക്കാൻ രാധാകൃഷ്ണനും ജോയിക്കും കഴിയുന്നുണ്ടെങ്കിലും മുൻതൂക്കം നിലവിലെ എം.പിമാരായ രമ്യ ഹരിദാസിനും അടൂർ പ്രകാശിനും ആണ്.

തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലും വ്യക്തമായ മേധാവിത്വം രമ്യയും അടൂർ പ്രകാശും പുലർത്തുന്നുണ്ട്. ജയപ്രതീക്ഷ ഇല്ലയെന്ന് തലസ്ഥാനത്തെ അടുത്ത സുഹൃത്തിനോട് രാധാകൃഷ്ണൻ സൂചിപ്പിച്ചെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ജോയിയുടെ കാര്യം കഷ്ടത്തിലാണ്. തോറ്റ ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആനാവൂരും ശിവൻകുട്ടിയും ഇരുത്തുമോ എന്ന് കണ്ടറിയണം. എം.എൽ.എ സ്ഥാനം കൊണ്ട് ജോയിക്ക് തൃപ്തിപെടേണ്ടി വരും.

മൽസരിക്കാൻ താൽപര്യമില്ലാതിരുന്ന ജോയിയെ ആറ്റിങ്ങലിലേക്ക് അയച്ചത് ആനാവൂരിൻ്റേയും ശിവൻകുട്ടിയുടേയും ഓപ്പറേഷൻ ആയിരുന്നു.ശക്തമായ മൽസരമാണ വടകരയിൽ നടക്കുന്നത്. അതിനിടയിലാണ് പാനൂരിൽ സഖാക്കൾ ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ടത്. ബോംബ് ഉണ്ടാക്കിയതും മരിച്ചതും സഖാക്കൾ അല്ല എന്ന എം.വി ഗോവിന്ദൻ്റെ ക്യാപ്സൂളിന് ആയുസ് ഉണ്ടായിരുന്നില്ല.

ആരെ കൊല്ലാനാണ് സഖാക്കൾ ബോംബ് നിർമ്മിച്ചതെന്ന മില്യൻ ചോദ്യം ഷാഫി പറമ്പിൽ ഉയർത്തിയതോടെ ശൈലജയും സംഘവും വെട്ടിലായി. പ്രതിരോധത്തിലായ ശൈലജ മോർഫ് ചെയ്ത അശ്ശീല വീഡിയോ ഷാഫിയും സംഘവും പ്രചരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണം ഉയർത്തി.വീഡിയോ പുറത്ത് വിടാൻ പ്രതിപക്ഷ നേതാവും ഷാഫിയും ആവശ്യപ്പെട്ടതോടെ ശൈലജ മൗനത്തിലായി. അശ്ശീല വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നു താൻ പറഞ്ഞിട്ടില്ലെന്നായി ശൈലജ.നുണ പറഞ്ഞു എന്ന് ശൈലജയുടെ മലക്കം മറിച്ചിലിൽ നിന്ന് വ്യക്തം.

അശ്ശീല വീഡിയോ പ്രചരിപ്പിച്ചു എന്ന ശൈലജയുടെ ആരോപണത്തിൽ വക്കീൽ നോട്ടിസ് അയച്ചിരിക്കുകയാണ് ഷാഫി. 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം. ജനപ്രാതിനിധ്യ നിയമപ്രകാരം എതിർ സ്ഥാനാർത്ഥിക്കെതിരെ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചാൽ 7 വർഷം വരെ തടവ് ലഭിക്കും. ശൈലജ കുരുക്കിലേക്ക് എന്നർത്ഥം .വടകര പോരാട്ടം കടുക്കുമ്പോൾ ഷാഫിക്ക് തന്നെയാണ് വ്യക്തമായ മുൻതൂക്കം.

ശൈലജയുടെ നുണ ബോംബ് അതിന് ആക്കം കൂട്ടി. നിയമസഭ ഉപതെരഞ്ഞെടുപ്പിന് പാലക്കാട് തയ്യാറായിക്കോളൂ എന്നാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ കടത്താനടൻ മണ്ണിൽ നിന്ന് ഉയരുന്നത്.