തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫിന് മേല്‍ക്കൈ. യു.ഡി.എഫ് തൊടുത്തുവിട്ട അജണ്ടയ്ക്ക് പുറകെ പോയതോടെ എൽ.ഡി.എഫിൻ്റെ നില തീർത്തും ദുർബലമായി.

ഇടതു കൺവീനർ ഇ.പി ജയരാജൻ്റെ മണ്ടത്തരങ്ങൾ കൂടിയായപ്പോൾ എൽ.ഡി.എഫിന് തുടക്കം മുതൽ പിഴച്ചു.ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചത് എന്ന ഇ .പി ജയരാജൻ്റെ പ്രസ്താവന ഇടതുമുന്നണിക്ക് ഉണ്ടാക്കിയ ക്ഷീണം തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലും മാറിയിട്ടില്ല.

രാജീവ് ചന്ദ്രശേഖർ – ഇ.പി ജയരാജൻ കൂട്ടുകെട്ടിൻ്റെ ബിസിനസ് തെളിവ് സഹിതം വി.ഡി. സതീശൻ പുറത്ത് വിട്ടതോടെ മുൻകാലങ്ങളിൽ ആരോപിച്ചിരുന്ന രാഷ്ട്രിയ അന്തർധാര ബിസിനസ് ബന്ധത്തിലേക്ക് കൂടി നീങ്ങി എന്ന് പൊതു സമൂഹത്തിന് വ്യക്തമായി.പാനൂർ ബോംബ് സ്ഫോടനത്തിൽ സഖാക്കൾ കൂട്ടത്തോടെ അറസ്റ്റിലായപ്പോൾ അവർ പാർട്ടിക്കാരല്ല എന്ന ക്യാപ്സൂളാണ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ ഇറക്കിയത്.

സമാന സംഭവങ്ങളിൽ ഉൾപ്പെട്ടവരെ പിന്നിട് രക്തസാക്ഷികളാക്കി പാർട്ടി ചിത്രികരിച്ചത് ചൂണ്ടികാട്ടി സതീശൻ തിരിച്ചടിച്ചതോടെ ആ പ്രതിരോധവും തകർന്നു.ശൈലജ യ്തെതിരെ സൈബർ ആക്രമണം എന്ന പരാതി ഉയർന്നതോടെ തെളിവ് പുറത്ത് വിടാൻ സതീശൻ വെല്ലുവിളിച്ചെങ്കിലും സി. പി എം പിന്നോട്ട് പോയി. ജില്ലാ സെക്രട്ടറിയുടെ കട്ടിലിൻ്റെ അടിയിൽ ക്യാമറ വച്ചവരാണ് ആരോപണവുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്ന സതീശൻ്റെ കടന്നാക്രമണത്തിന് സി.പി.എമ്മിന് മറുപടി ഇല്ലാതായി.

രാഹുലിനെതിരെ പപ്പു വിളി ഉയർത്താൻ പിണറായിയുടെ ദയനീയ ശ്രമവും പൊളിഞ്ഞു. പിണറായി മോദിയുടെ മൗത്ത് പീസാണ് എന്നായി സതീശൻ. കസവ് കെട്ടിയ പേടിതൊണ്ടനാണ് പിണറായി എന്നും സതീശൻ ആരോപിച്ചു.സ്വർണ്ണകടത്ത്, മാസപ്പടി , ലൈഫ് തുടങ്ങിയ പത്തോളം അഴിമതികളാണ് കേന്ദ്ര ഏജൻസികൾ പിണറായിക്കും സംഘത്തിനും എതിരെ അന്വേഷിക്കുന്നത്. മദ്യ നയം എന്ന ഒറ്റ അഴിമതിയുടെ പേരിൽ കേജരിവാളിനെ ജയിലിൽ ഇട്ട മോദിയെ പിണക്കാൻ പിണറായി തയ്യാറല്ല. രാഹുലിനെതിരെ പിണറായിയുടെ കടന്നാക്രമണം മോദിയെ തൃപ്തിപ്പെടുത്താനാണെന്ന് വ്യക്തം.

രാഹുലിനെതിരെയുള്ള കടന്നാക്രമണം ഇടതുപക്ഷ വോട്ടുകളിൽ ഗണ്യമായ ചോർച്ച ഉണ്ടാക്കും എന്ന് നന്നായറിയാവുന്നത് പിണറായിക്ക് തന്നെയാണ്. ഇടതുപക്ഷം തോറ്റാലും മകൾ സേഫ് ആയിരിക്കണം എന്നാണ് പിണറായിയുടെ ചിന്ത.മറുവശത്ത് പിണറായിക്കും എൽഡിഎഫിനെതിരെയും കിട്ടുന്ന അമ്പുകൾ നിർഭയമായി തല നോക്കി എയ്യുകയാണ് സതീശൻ. പാർട്ടിക്കും മകൾക്കും ഇടയിൽ പെട്ട് ദയനീയമായ അവസ്ഥയിലാണ് പിണറായി. ഇതിനോടൊപ്പം ഭരണ വിരുദ്ധത കൂടിയാകുമ്പോൾ സതീശൻ്റേയും സംഘത്തിൻ്റേയും യാത്ര ട്വൻ്റി ട്വൻ്റിയിലെത്തുമെന്ന് തന്നെ കരുതാം.