പ്രഖ്യാപിത നയത്തിൽ നിന്നും പിന്നോക്കം പോയിട്ടും ചോദ്യം ചെയ്യാനാകാതെ ഭരണപക്ഷ സംഘടനകൾ
തിരുവനന്തപുരം: 2016 ലും 2021 ലും പ്രകടന പത്രികയിൽ ഇടം പിടിച്ച പങ്കാളിത്ത പെൻഷൻ പിൻവലിക്കലിൽ സർക്കാരിന്റെ ഒളിച്ചുകളി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ അതിന് പകരം പദ്ധതി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും അനുവദിച്ച ആനുകൂല്യങ്ങൾ പോലും അനുവദിക്കാൻ കേരളത്തിലെ ഇടത് സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിലും മറ്റ് സംസ്ഥാനങ്ങളിലും പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടവർക്ക് DCRG അനുവദിച്ചപ്പോൾ കേരളത്തിൽ ഇത് അനുവദിക്കേണ്ട എന്ന് തീരുമാനം എടുത്തതായി ധനമന്ത്രി ആയിരുന്ന തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കി. പദ്ധതി പിൻവലിക്കുന്നതിന് സമിതിയെ നിയമിച്ച സമയം തന്നെ കൂടുതൽ പൊതുമേഖല സ്ഥാപനങ്ങളിൽ പദ്ധതി നടപ്പിലാക്കിയതും ഐസക് ധനമന്ത്രി ആയ സമയത്ത് ആണ്.
കേരളത്തിലെ പദ്ധതിയെ PFRDA പ്രകാരം സർക്കാർ വിജ്ഞാപനം ഇല്ലാത്തതിനാൽ പദ്ധതിക്ക് നിയമബലം ഇല്ല എന്ന പുനഃപരിശോധന സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനും ഒരു ജീവനക്കാരും കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാനുമായി 2020 ൽ 58/2020 നമ്പർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
ജീവനക്കാർക്ക് അനുകൂലമായി സമർപ്പിക്കപ്പെട്ട പുനഃപരിശോധന റിപ്പോർട്ട് നടപ്പിലാക്കാനോ റിപ്പോർട്ട് വെളിച്ചം കാണിക്കാനോ തയ്യാറാകാത്ത സർക്കാർ ഒടുവിൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് റിപ്പോർട്ട് പുറത്ത് വിട്ടു. എന്നാൽ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിൽ വരുത്തേണ്ട ധനകാര്യ വകുപ്പിന്റെ ഫയൽ 2021 മുതൽ ധനമന്ത്രി പിടിച്ച് വെച്ചിരിക്കുകയാണ്. ഇതിനിടെ പുനഃപരിശോധന റിപ്പോർട്ട് വീണ്ടും പഠിക്കാൻ മന്ത്രിതല സമിതിയെ സർക്കാർ നിയമിച്ചെങ്കിലും ഇതുവരെയും ഒരു യോഗം പോലും ചേർന്നിട്ടില്ല.
2013 ഏപ്രിൽ ഒന്നിനു സംസ്ഥാനത്തു പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കി. അതിനെതിരെ രംഗത്തുവന്ന സിപിഎം, ഇടതുമുന്നണിക്കു ഭരണം ലഭിച്ചാൽ പദ്ധതി പിൻവലിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അധികാരത്തിൽ എത്തിയപ്പോൾ പദ്ധതിയുമായി മുന്നോട്ടുപോകാനാണു തീരുമാനിച്ചത്. ജീവനക്കാരുടെ സമ്മർദം ശക്തമായപ്പോൾ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ ആർ.സതീഷ് ചന്ദ്രബാബു ചെയർമാനായ സമിതിയെ നിയോഗിച്ചു. പദ്ധതി പിൻവലിക്കാമെന്നും അല്ലെങ്കിൽ മികച്ച പാക്കേജുകൾ നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ടെന്നാണു വിവരം. റിപ്പോർട്ട് പുറത്തുവിടാൻ പോലും സർക്കാർ തയാറായിട്ടില്ല. .