കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് 13 മാസമായി പെൻഷൻ ഇല്ല; കുടിശിക 780 കോടി; 17 ആനുകൂല്യങ്ങളും മുടങ്ങി; 3.70 ലക്ഷം തൊഴിലാളികളോട് കരുണയില്ലാതെ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലാളികളോടു കരുണയില്ലാതെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് 13 മാസമായി പെൻഷൻ കുടിശികയായിട്ടും ചെറുവിരൽ അനക്കാൻ പോലും ശിവൻകുട്ടി തയ്യാറാകുന്നില്ല. 2023 ഫെബ്രുവരി വരെയാണ് ഇവർക്ക് പെൻഷൻ ലഭിച്ചത്. 13 മാസമായി പെൻഷൻ കുടിശികയാണ്.

ഒരു മാസത്തെ പെൻഷൻ നൽകാൻ വേണ്ടത് 60 കോടിയാണ്. 13 മാസത്തെ കുടിശിക പെൻഷൻ കൊടുക്കാൻ വേണ്ടത് 780 കോടി. 3,70,304 പേരാണ് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്. നിര്‍മാണമേഖലയില്‍ നിന്നുളള സെസ് പിരിവാണ് ക്ഷേമനിധിബോര്‍ഡിന്‍റെ പ്രധാനവരുമാനം.

പ്രതിമാസം 30 കോടി രൂപ ഈ ഇനത്തിൽ പിരിക്കുന്നുണ്ടെങ്കിലും പെൻഷൻ കൊടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. പെൻഷൻ മാത്രമല്ല 17 ഓളം ആനുകൂല്യങ്ങളും മുടങ്ങിയിട്ട് മാസങ്ങളായി. 10,000 രൂപയാണ് വിവാഹ ധനസഹായം കൊടുക്കുന്നത്. 16,423 പേർ വിവാഹ ധനസഹായത്തിന് അപേക്ഷ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞ് വച്ചിരിക്കുകയാണ്.

പ്രസവ സഹായത്തിനായി അപേക്ഷിച്ച 816 പേർക്കും ഒരു സഹായവും കിട്ടിയില്ല. 15000 രൂപയാണ് വിവാഹ ധനസഹായമായി കൊടുക്കുന്നത്. കൂടാതെ എസ്.എസ്. എൽ.സി, സ്കോളർഷിപ്പ്, എൻട്രൻസ് കോച്ചിംഗ്, ക്യാഷ് അവാർഡ്, മാരക രോഗ ചികിൽ സാധനസഹായം, ചികിത്സ ധന സഹായം, അപകടം, വി.ആർ.എസ്, മരണാനന്തര ആനുകൂല്യം, ഡെത്ത് റീഫണ്ട്, റീഫണ്ട്, ഫ്യൂണറൽ, പെൻഷൻ ഫ്യൂണറൽ, അപകടമരണം, മൈനർ ഡെപ്പോസിറ്റ് തുടങ്ങിയ ആനുകൂല്യങ്ങളും തടഞ്ഞ് വച്ചിരിക്കുകയാണ്.

39,186 പേരുടെ വിവിധ ആനുകൂല്യങ്ങളാണ് തടഞ്ഞ് വച്ചിരിക്കുന്നത്. 35.26 കോടി രൂപയാണ് 17 ഇന ആനുകൂല്യങ്ങൾ കൊടുക്കാൻ വേണ്ടത്. പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാൻ 815.26 കോടി രൂപ വേണം. സർക്കാരിൻ്റെ തൊഴിലാളി വർഗ്ഗ സ്നേഹം കടലാസുകളിൽ എന്ന് വ്യക്തം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments