ദില്ലി: ഇതുവരെ നാലുകോടി വിവിപാറ്റുകള്‍ എണ്ണിയതില്‍ ഒന്നില്‍ പോലും പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പ്രീംകോടതിയെ അറിയിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്നും അമിത സംശയം പാടില്ലെന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ഉപദേശിച്ചു. ഇതോടെ വിവിപ്പാറ്റുകള്‍ പൂര്‍ണ്ണമായും എണ്ണണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന് അനുകൂലമായ നിരീക്ഷണങ്ങളാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.
അതേസമയം, രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീംകോടതിയില്‍ ഈ വിഷയത്തില്‍ നടന്നത്. തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ പലവിധ സംശയങ്ങളുമുണ്ടെന്നും വ്യക്തത തേടിയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ഇക്കാര്യത്തില്‍ അമിത സംശയം നല്ലതല്ലെന്നും സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണത്തില്‍ വോട്ടര്‍മാര്‍ തൃപ്തരെന്ന് കോടതി വാക്കാല്‍ പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടിംഗ് ശതമാനം കൂടുകയാണ്.
ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ്. വിദേശത്ത് മാത്രമല്ല ഇന്ത്യയിലും സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിച്ചു. ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്. വോട്ടര്‍മാരുടെ അവകാശത്തെ ഹര്‍ജിക്കാര്‍ തമാശയാക്കി മാറ്റുകയാണ്. വളച്ചൊടിച്ച വാര്‍ത്തകളുമായിട്ടാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍കുമ്പോഴാണ് ഹര്‍ജിയെന്നും ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ ഡാറ്റയില്‍ കൃത്യമത്വം നടത്താനാകുമെന്ന് കേസിലെ ഹര്‍ജിക്കാരനായ മലയാളി സാബു സ്റ്റീഫന്‍ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി വിവിപാറ്റിന്റെയും വോട്ടിംഗ് യന്ത്രിന്റെ സാങ്കേതിക വശങ്ങള്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചു. വാദത്തിനിടെ കോടതിയില്‍ നിന്നുണ്ടായ അനൂകൂല നീരിക്ഷണങ്ങള്‍ ഇവിഎമ്മിനെതിരായ പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് സഹായകരമാകും.