ദില്ലി: ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആന്‍ ടെസ ജോസഫ് വീട്ടില്‍ തിരിച്ചെത്തി. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് കോട്ടയം കൊടുങ്ങൂര്‍ ഇളപ്പുങ്കലിനു സമീപം കാപ്പുകാട്ടുള്ള വീട്ടിലെത്തിയത്. തൃശൂര്‍ വെളുത്തൂര്‍ കൊട്ടുകാപ്പള്ളി പുതുമന ബിജു ഏബ്രഹാമിന്റെയും ബീനയുടെയും മകളാണ് ആന്‍.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

യുദ്ധത്തിന്റെ പ്രശ്‌നങ്ങളൊക്കെയുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇങ്ങനെയൊരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും. കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്നു പോലും അറിയില്ലായിരുന്നുവെന്നും ആന്‍ ടെസ ജോസഫ് പ്രതികരിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സജീവമായ ഇടപെടലിനാണാ മോചനം സാധ്യമായതെന്നും പെണ്‍കുട്ടിയെന്ന പരിഗണനയായിരിക്കാം തന്നെ ആദ്യം മോചിപ്പിച്ചതെന്നും ആന്‍ ടെസ പറയുന്നു.

ഒരുപാട് ഇഷ്ടപ്പെട്ട ജോലിയാണ്. അതുകൊണ്ട് തിരിച്ചു പോകുക തന്നെ ചെയ്യുമെന്നാണ് ഇത്രയും ഭീതിനിറഞ്ഞ ജോലിയിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിനുള്ള മറുപടി.

16 ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്.

ഇറാന്‍ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആന്‍ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈന്‍സ്, പാകിസ്താന്‍, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

ശനിയാഴ്ചയാണ് ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. 17 ഇന്ത്യക്കാര്‍ ജീവനക്കാരായുള്ള എംഎസ്സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാന്‍ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.

ഇസ്രയേലുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഇറാന്‍ കമാന്‍ഡോകള്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയന്‍സ്വിസ് കമ്പനിയായ എംഎസ്സിയാണു കപ്പലിന്റെ നടത്തിപ്പ്.