തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഒഴിച്ച് കൂടാനാകാത്ത വിഭാഗമായി പി.ആർ ടീം. പണകൊഴുപ്പ് അനുസരിച്ച് പി.ആർ ടീമിൻ്റെ എണ്ണവും വർദ്ധിക്കും. 50 ലക്ഷം മുതൽ 5 കോടി വരെയാണ് പി.ആർ ടീമിൻ്റെ പ്രതിഫലം. കേരളത്തിന് വെളിയിലുള്ള പ്രൊഫഷണൽ ഏജൻസി ആണെങ്കിൽ തുക ഇനിയും ഉയരും.
വിരമിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെ 30 ഓളം പി.ആർ ടീമുകളാണ് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന് വേണ്ടി ഇറങ്ങിയിരിക്കുന്നത്. കവടിയാർ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവർത്തനം. കണ്ടൻ്റ് തയ്യാറാക്കലും മറ്റ് പാർട്ടികളിൽ നിന്ന് ആരൊക്കെ ചാടാം എന്ന ലിസ്റ്റ് തയ്യാറാക്കലും ആണ് വിരമിച്ച മാധ്യമപ്രവർത്തകരുടെ ജോലി.
ഐ.ടി പ്രൊഫഷണലുകൾ അടങ്ങുന്ന പി.ആർ ടീമാണ് മുൻനിരയിൽ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയയുടെ നിയന്ത്രണം ഇവർക്കാണ്. കണ്ടൻ്റാണല്ലോ രാജാവ്. അതുകൊണ്ട് തന്നെ തങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നതെന്നതാണ് മുതിർന്ന മാധ്യമപ്രവർത്തകരുടെ അവകാശവാദം.
നല്ല ശമ്പളം കിട്ടുന്നതുകൊണ്ട് എല്ലാവരും ഹാപ്പിയാണ്. പത്ര സ്ഥാപനങ്ങളിൽ ശമ്പളം കൃത്യമായി കിട്ടാത്തവരായിരുന്നു ഇവരിൽ പലരും.തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ആയിരിക്കും സ്ഥാനാർത്ഥി എന്ന് ഉറപ്പായതിനാൽ ജനുവരി മുതലേ പി.ആർ ടീമിൻ്റെ പ്രവർത്തനം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തിൻ്റെ മുക്കും മൂലയും സ്പന്ദനങ്ങളും അറിയാവുന്ന മുതിർന്ന മാധ്യമപ്രവർത്തകർ രാജീവ് ചന്ദ്രശേഖരിന് മുതൽ കൂട്ടാണ്.
ഏപ്രിൽ 26 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പി.ആർ ടീമിൻ്റെ കഥ കഴിയും. തരൂരിൻ്റെ കരിസ്മയെ മറികടക്കാൻ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് രംഗത്ത് വിയർപ്പൊഴുക്കുന്നുണ്ടെങ്കിലും നടന്ന സർവേകളിൽ എല്ലാം തരൂർ മുന്നിലാണ്. മോഹൻലാലിനെ ഇറക്കാനാണ് പി. ആർ ടീം രാജീവ് ചന്ദ്രശേഖരന് നൽകിയിരിക്കുന്ന ഉപദേശം. ലാലിനെ ഇറക്കാൻ ശോഭന, സുരേഷ് ഗോപി എന്നിവരുടെ സഹായം തേടിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ.
നരേന്ദ്ര മോദിയെ കൊണ്ട് ലാലിനെ വിളിപ്പിക്കാനും പദ്ധതിയുണ്ട്. ലാൽ എത്തിയാൽ സീൻ മാറും എന്നാണ് പി.ആർ ടീമിൻ്റെ ആത്മവിശ്വാസം. തരൂരിൻ്റെ പ്രഭാവത്തോടൊപ്പം രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് രംഗത്ത് പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും വോട്ട് എണ്ണുമ്പോൾ എന്താകും എന്ന ആശങ്ക പി.ആർ ടീമിലെ മുതിർന്ന ചില മാധ്യമപ്രവർത്തകർ പരസ്പരം പങ്ക് വയ്ക്കുന്നു . കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രവും വോട്ടിംഗ് പാറ്റേണും അറിയാവുന്നവരാണ് ഇവർ. ആശങ്ക ഉണ്ടായില്ലെങ്കിലേ അൽഭുതമുള്ളു.