തൃശൂർ : പൂരം കൊടിയേറാനിരിക്കെ നിർണായ നിർദ്ദേശങ്ങളുമായി ഹൈക്കോടതി രംഗത്ത്. വിഐപി ഗാലറിയോ പവലിയനോ ഉണ്ടാകരുത് , ആനകളുടെ മുന്നിൽ ആറ് മീറ്റർ വരെ മറ്റ് കാര്യങ്ങളൊന്നും ചെയ്യാതെ ഒഴിച്ചിടണം. ഈ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവും പാടില്ല എന്നിവയാണ് ആ കർശന നിർദ്ദേശങ്ങൾ. ഇതിൽ വിഐപി ഗാലറിയോ പവലിയനോ ഉണ്ടാകരുത് എന്ന നിർദ്ദേശം തൃശൂർ സ്വദേശി നൽകിയ ഹർജി പരിഗണിച്ച് കൊണ്ടുള്ളതാണ്.
വിഐപി ഗാലറി കാരണം ജനങ്ങൾക്ക് കുടമാറ്റം കാണാൻ സാധിക്കുന്നില്ലെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചത്. ഹൈക്കോടതി ഉത്തരവ് വന്നതോടെ വിഐപി ഗാലറിയുടെ നിർമാണം നിർത്തിവച്ചുവെന്ന് അധികൃതർ അറിയിച്ചു. വിഐപി ഗാലറികൾ കാരണം ജനങ്ങൾക്ക് കുടമാറ്റം കാണുന്നതിന് തടസമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പവലിയൻ നിർമിക്കുന്നത് ജില്ലാ ഭരണകൂടമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർക്ക് നിർദേശം നൽകിയത്.
വിദേശ വിനോദ സഞ്ചാരികളുടെ പേരിലാണ് വിഐപി പവലിയനുകൾ നിർമിക്കുന്നത്. എന്നാൽ ഇത്തവണ അത് വേണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ കഴിഞ്ഞ മാസം ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ വകവെക്കാതെ വിഐപി പവലിയനിലേക്കുളള പാസിനായുള്ള അപേക്ഷ ഇന്നലെ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണ് പവലിയൻ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിറക്കിയത്.
അതേ സമയം ആനകളുടെ മുന്നിൽ ആറ് മീറ്റർ വരെ മറ്റ് കാര്യങ്ങളൊന്നും ചെയ്യാതെ ഒഴിച്ചിടണം. ഈ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവും പാടില്ലെന്നുമുള്ള കർശന നിർദ്ദേശവും ഹൈക്കോടതി നൽകിയിട്ടുണ്ട്.
എന്നാൽ കുടമാറ്റത്തിന് ഈ പറഞ്ഞ നിയന്ത്രണങ്ങൾ ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആനകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ഓരോ സർട്ടിഫിക്കറ്റും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന പക്ഷം ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാഴ്ച കുറഞ്ഞ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് എങ്ങനെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകുമോയെന്നും കോടതി ചോദിച്ചു.
ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കൂന്നതിനായി രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 18-ന് അഭിഭാഷകർ തൃശൂരിലെത്തും. തുടർന്ന് പൂര നടത്തിപ്പിന്റെ സമയത്ത് ഫിറ്റ്‌നസ് പരിശോധന പൂർണമായും നിരീക്ഷിക്കുകയും ഇതിന്റെ ഔദ്യോഗിക റിപ്പോർട്ട് കോടതിയ്‌ക്ക് സമർപ്പിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയാണ് പ്രാഥമിക ലക്ഷ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.