തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചരണത്തിന് നടിയും നർത്തകിയുമായ ശോഭന എത്തിയത് അപ്രതീക്ഷിതമായിരുന്നു.
ശോഭനയെ ബി.ജെ.പിക്ക് വേണ്ടി ഇറക്കിയത് ചിരകാല സുഹൃത്തായ സുരേഷ് ഗോപിയുടെ ഇടപെടലായിരുന്നു. നെയ്യാറ്റിൻകരയിൽ രാജീവ് ചന്ദ്രശേഖറിൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത ശോഭന പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം തിരുവനന്തപുരത്ത് നിന്ന് മടങ്ങും.
അവസാന നിമിഷം മോഹൻലാലിനെ പ്രചരണത്തിന് ഇറക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. സുരേഷ് ഗോപിയും ശോഭനയും വഴി മോഹൻലാലിനെ എത്തിക്കാനാണ് ശ്രമം. മോദിയെ കൊണ്ട് മോഹൻലാലിനെ വിളിപ്പിക്കാനും അണിയറയിൽ ശ്രമം നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ലാൽ ബിജെപിക്ക് വേണ്ടി ഇറങ്ങിയാൽ സീൻ മാറുമെന്നാണ് ബി.ജെ.പി ക്യാമ്പിൻ്റെ വിശ്വാസം.
നകുലനും നാഗവല്ലിയും എത്തിയാൽ ഡോ. സണ്ണിക്ക് എത്താതിരിക്കാനാവുമോ എന്നാണ് ഇവരുടെ ചോദ്യം. തരൂരിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാനാണ് രാജീവ് ചന്ദ്രശേഖരൻ്റെ നീക്കം. നാഗവല്ലിയും നകുലനും സണ്ണിയും എത്തിയാലും സംവിധായകൻ ഫാസിൽ എത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് തരൂർ ക്യാമ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.
അതേസമയം, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിൻകരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുത്തു.