തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്രമോദിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന് ചെലവാകുന്നത് കോടികള്‍. ഈ വര്‍ഷം ജനുവരി മുതല്‍ എപ്രില്‍ വരെ വിവിധ സമയങ്ങളില്‍ നരേന്ദ്രമോദി കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാസത്തില്‍ രണ്ടുദിവസമാണ് നരേന്ദ്രമോദി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.

ഇതിന് ഇതുവരെ 1.85 കോടി രൂപ വരെ സര്‍ക്കാരിന് ചെലവായിട്ടുണ്ട്. എപ്രില്‍ 14, 15 തീയതികളിലെ സന്ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയതിന് ആവശ്യപ്പെട്ട ഒരു കോടി രൂപയില്‍ 50 ലക്ഷം രൂപ കൂടി അനുവദിച്ചതോടെയാണ് ചെലവ് 1.85 കോടി കവിയുന്നത്. മാര്‍ച്ച് 15, 19 തീയതികളിലെ സന്ദര്‍ശനത്തിനുവേണ്ടി 25 ലക്ഷം രൂപയായിരുന്നു ടൂറിസം വകുപ്പിന് ധനമന്ത്രി അനുവദിച്ചത്. ഫെബ്രുവരി 27, 28 തീയതികളിലെ മോദിയുടെ സ്വീകരണത്തിന് സംസ്ഥാനം ചെലവിട്ടതിന് 30 ലക്ഷം രൂപയും ജനുവരിയിലേതിന് 30 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

എപ്രിലില്‍ നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് ടൂറിസം വകുപ്പിന് അനുവദിച്ച തുകയുടെ ഓർഡർ

ഇപ്പോള്‍ എപ്രില്‍ മാസത്തെ സന്ദര്‍ശനത്തിന് 1 കോടി ചെലവാകുമെന്നും പണം ഉടന്‍ അനുവദിക്കണമെന്നുമായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നത്. ടൂറിസം ഡയറക്ടര്‍ നല്‍കിയ കത്തിലാണ് 1 കോടി രൂപ മോദിയുടെ സന്ദര്‍ശനത്തിന് ചെലവാകുമെന്ന് അറിയിച്ചത്. ഇതംഗീകരിച്ച മന്ത്രി റിയാസ് പണം ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുക ആയിരുന്നു.

മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചെങ്കിലും 50 ലക്ഷം രൂപയാണ് ബാലഗോപാല്‍ അനുവദിച്ചത്. ഇന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പില്‍ നിന്ന് പണം അനുവദിച്ച ഉത്തരവും ഇറങ്ങി. വി.വി.ഐ.പി കളുടെ സന്ദര്‍ശനത്തിന്റെ ചെലവ് വഹിക്കുന്നത് ടൂറിസം വകുപ്പാണ്. ആലത്തൂര്‍ മണ്ഡലത്തിലെ പ്രചരണത്തിനാണ് മോദി ഇന്ന് കുന്നംകുളത്ത് എത്തിയത്.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ടാം തവണയാണ് മോദി കേരളത്തില്‍ എത്തുന്നത്. മാര്‍ച്ച് 19 ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി എത്തിയിരുന്നു.

മാസം തിരിച്ചുള്ള ചെലവിന്റെ കണക്കുകള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വായിക്കാം :

മോദിയുടെ സന്ദർശന ചെലവ്: 60 ലക്ഷം വേണമെന്ന് റിയാസ്; പ്രതിസന്ധി കാരണം 30 ലക്ഷം അനുവദിച്ച് ബാലഗോപാൽ

പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനം: ചെലവായ 25 ലക്ഷം അനുവദിച്ചു

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: സംസ്ഥാനത്തിന് ചെലവ് 30 ലക്ഷം രൂപ