നരേന്ദ്ര മോദിയേയും അമിത് ഷായേയും മോശമായി ചിത്രികരിച്ച് പുസ്തകം ഇറക്കിയ സെക്രട്ടറിയേറ്റിലെ സി.പി.എം നേതാവിനെ പ്രിസൈഡിംഗ് ഓഫിസർ സ്ഥാനത്ത് നിന്ന് മാറ്റി.
ഒപ്പം നേതാവിനെ താക്കീത് ചെയ്യാൻ ധനകാര്യ വകുപ്പിന് നിർദ്ദേശവും നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. നോഡൽ ഓഫിസറായ തിരുവനന്തപുരം സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസനാണ് നിർദ്ദേശം നൽകിയത്. സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എൻ അശോക് കുമാറിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി.
അസോസിയേഷൻ പുറത്തിറക്കിയ “കണ്ണാടി” എന്ന പുസ്തകത്തിനെതിരെ ബി.ജെ.പിയുടെ ഇലക്ഷൻ ലീഗൽ കൺവീനറായ അഡ്വ. ജെ.ആർ പത്മകുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മോദിയേയും അമിത് ഷായേയും മോശമായി ചിത്രികരിച്ച് പിണറായി പുകഴ്ത്തിയ ” കണ്ണാടി” എന്ന പുസ്തകം ഇറക്കിയത് ജനറൽ സെക്രട്ടറിയായ കെ.എൻ. അശോക് കുമാറിൻ്റെ പേരിലായിരുന്നു.
അരുവിക്കരയിലെ പ്രിസൈഡിംഗ് ഓഫിസർ കൂടിയായ അശോക് കുമാർ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നായിരുന്നു പരാതി. പ്രിസൈഡിംഗ് ഓഫിസർ നിയമനം ലഭിക്കുന്നതിന് മുൻപ് ഇറക്കിയതാണ് “.,കണ്ണാടി” യെന്നുള്ള അശോക് കുമാറിൻ്റെ വിശദീകരണം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി.
രാഷ്ട്രീയ പ്രചരണത്തിന് ഇറക്കിയതാണ് കണ്ണാടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതോടെയാണ് അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫിസർ സ്ഥാനത്ത് നിന്ന് മാറ്റാനും താക്കീത് ചെയ്യാൻ തീരുമാനിച്ചതും. ധനകാര്യ വകുപ്പിലെ സെക്ഷൻ ഓഫിസറാണ് കെ.എൻ. അശോക് കുമാർ.