ഇസ്രയേല്‍ ശതകോടീശ്വരന്‍റെ കൂറ്റന്‍ കണ്ടെയ്നര്‍ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍വച്ച് ഇറാന്‍ പിടിച്ചെടുത്തു. ഇസ്രയേലി ശതകോടീശ്വരന്‍ ഇയല്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍ . കപ്പല്‍ ജീവനക്കാരില്‍ 18 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന.

പോര്‍ച്ചുഗീസ് പതാകവാഹകയായ എംഎസ്‌സി ഏരീസ് എന്ന കപ്പല്‍ ദുബായ് വഴി മറ്റന്നാള്‍ മുംബൈയിലെത്തേണ്ടതായിരുന്നു. യുഎഇയുടെ വടക്കന്‍ എമിറേറ്റായ ഫുജീറയുടെ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡോകള്‍ ഹെലികോപ്റ്ററിലെത്തി കപ്പല്‍ കീഴ്പ്പെടുത്തിയത്.

ഇറാന്‍റെ അധികാരപരിധിയുള്ള തീരത്തേക്ക് കപ്പല്‍ മാറ്റിയെന്നാണ് സൂചന. കൈവിട്ട കളിയാണെന്നും മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചാല്‍ ഇറാന്‍ പ്രത്യാഘാതം അനുഭവിക്കുമെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു. വെല്ലുവിളിയെ നേരിടാന്‍ സജ്ജമെന്നും തിരിച്ചടിക്ക് തയാറെന്നും ഇസ്രയേല്‍ സൈനിക വക്താവും അറിയിച്ചു.