ആലപ്പുഴ: കായംകുളത്ത് സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായതോടെ നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചൊഴിയുന്നു. ഏരിയ കമ്മിറ്റി അംഗം കെഎല്‍ പ്രസന്നകുമാരിയും മുന്‍ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രനുമാണ് രാജി വച്ചത്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബുവും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. 25 വര്‍ഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തില്‍ പറയുന്നു.
പാര്‍ട്ടിയിലെ ചില സഖാക്കളില്‍ നിന്നുണ്ടാകുന്ന അധിക്ഷേപവും മാനസിക പീഡനവും മൂലം പൊതുപ്രവര്‍ത്തന രംഗത്തു നില്‍ക്കാന്‍ കഴിയാത്ത നിലയില്‍ ആയതിനാല്‍ 25 വര്‍ഷമായി പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗമായി തുടരുന്ന ഞാന്‍ ഏരിയ കമ്മിറ്റി അംഗത്വം രാജിവെക്കുകയാണെന്ന് – കെ. പ്രസന്നകുമാരി പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച് രാജിക്കത്തില്‍ പറയുന്നു
രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാന്‍ അടക്കമുള്ളവര്‍ വിഭാഗീയത വളര്‍ത്തുന്നുവെന്നും പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്നും ഇരുവരും രാജികത്തില്‍ പറയുന്നുണ്ട്.
ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട് , കൂടുതല്‍ ആളുകള്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബുവിന്റെ അമ്മയാണ് കെഎല്‍ പ്രസന്നകുമാരി. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ കായംകുളത്ത് കടുത്ത വിഭാഗീയത ഉണ്ടായിരുന്നു.
ജി. സുധാകരന്‍ നേതൃസ്ഥാനത്തിരുന്നപ്പോള്‍ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ഒരു ഏരിയ കമ്മിറ്റിയായിരുന്നു കായംകുളത്ത്. എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ ഉള്‍പ്പെട്ട ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാനെതിരെയാണ് ഇപ്പോള്‍ രാജിവെച്ചവരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിഭാഗീയതക്ക് നേതൃത്വം നല്‍ക്കുന്നത് ബാബുജാനാണെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കാന്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇവര്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്. പക്ഷേ, ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല.
തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ആലപ്പുഴയില്‍ നിന്നുള്ള നേതാക്കളുടെ രാജി സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കരുതുന്നത്.