ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്ക് ഒരു പരാജയമായിരുന്നുവെന്നതിന്റെ നേരിട്ടുള്ള തെളിവാണ് കാലിയായ ഖജനാവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മലയാളിയും. പ്രഖ്യാപിച്ച പദ്ധതികളൊക്കെ തോല്‍വി ആയിരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം ഈ പെരുന്നാള്‍ – വിഷു ദിനങ്ങളില്‍ മലയാളി മനസ്സിലാക്കുന്നത് കോഴിയിറച്ചിയുടെ വിലയിലൂടെയായിരിക്കും.
പത്തനംതിട്ടയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഐസക്കും കോഴിയുമാണ് പ്രധാന ചര്‍ച്ച വിഷയം. തോമസ് ഐസക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ എത്തിയതോടെയാണ് കോഴി വില ചര്‍ച്ച വിഷയമായി മാറിയത്.
കോഴിയുമായി ഐസക്കിന് ബന്ധമുണ്ടാകുന്നത് 2018 ലെ ബജറ്റ് പ്രസംഗത്തോടെയാണ് .ഒന്നാം പിണറായി സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്ന ഐസക്ക് 2018-19 ലെ ബജറ്റ് പ്രസംഗത്തിലാണ് ഇറച്ചി കോഴി വളര്‍ത്തല്‍ വ്യാപകമാക്കി ന്യായവിലക്ക് നല്ല ഇറച്ചി സംസ്ഥാനത്ത് ലഭ്യമാക്കും എന്ന നൂതന പദ്ധതി പ്രഖ്യാപിച്ചത്. 87 രൂപക്ക് ഇറച്ചി കോഴി ലഭ്യമാക്കും എന്നായിരുന്നു ഐസക്കിന്റെ പ്രഖ്യാപനം (ബജറ്റ് പ്രസംഗം ഖണ്ഡിക 31). തിങ്കളാഴ്ച മുതല്‍ ഇറച്ചി കോഴി 87 രൂപ നിരക്കില്‍ മാത്രമേ വില്‍ക്കാന്‍ അനുവദിക്കൂ എന്ന് 2018 മെയ് 31 ന് നടന്ന പത്രസമ്മേളത്തില്‍ ഐസക്ക് വ്യക്തമാക്കി.
വീമ്പിളക്കി കോഴിവില കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരു ധനമന്ത്രിയെക്കുറിച്ച്.. https://t.co/demR7qe6yN pic.twitter.com/tlTAnP9Ixe
— malayalammedia live (@Malayalammedia7) April 10, 2024
പക്ഷേ, നദികളില്‍ നിന്ന് മണല്‍ വാരി ഖജനാവ് നിറയ്ക്കുമെന്ന ഐസക്കിന്റെ പ്രഖ്യാപനം പോലെയായി 87 രൂപയുടെ ഇറച്ചി കോഴിയുടെയും അവസ്ഥ. 87 രൂപക്ക് ഇറച്ചി കോഴി കിട്ടിയില്ലെങ്കിലും ഐസക്ക് തുടര്‍ന്നും ബജറ്റ് അവതരിപ്പിച്ചു. പതിവ് പോലെ പ്രഖ്യാപനങ്ങള്‍ നടത്തും, പത്രങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കും, മുണ്ടിലെ പൊടിയും തട്ടി ഐസക്ക് നടന്ന് പോകും. 2021 വരെ മാത്രമേ ഈ കലാപരിപാടിക്ക് ആയുസ് ഉണ്ടായിരുന്നുള്ളു. 2021 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാതെ പിണറായി ഐസക്കിനെ വീട്ടില്‍ ഇരുത്തി. ഇതിനിടയിലും ഇറച്ചി കോഴി വില ഉയര്‍ന്ന് കൊണ്ടിരുന്നു.
സംസ്ഥാനത്ത് കോഴി ഇറച്ചി വില സര്‍വകാല റെക്കോര്‍ഡിലും എത്തി. ഒരു കിലോ കോഴി ഇറച്ചിയുടെ ഇന്നത്തെ വില 300 രൂപയാണ്. ഒരു കിലോ കോഴിക്ക് 190 രൂപ നല്‍കണം. 87 രൂപക്ക് ഐസക്ക് തരുമെന്ന് പറഞ്ഞ കോഴി ഇറച്ചിക്ക് 300 രൂപ. ഐസക്ക് പറഞ്ഞതിന്റെ 3 ഇരട്ടി വില കൊടുക്കണം ഇറച്ചി കോഴി വാങ്ങിക്കാന്‍. എതിരാളികള്‍ പത്തനം തിട്ടയില്‍ ഐസക്കിനൊപ്പം കോഴിയേയും ചര്‍ച്ചയാക്കിയില്ലെങ്കിലേ അല്‍ഭുതപ്പെടാനുള്ളൂ. 87 രൂപയുടെ ഇറച്ചി കോഴി പ്രഖ്യാപനം ഐസക്കിനെ വിടാതെ പിന്തുടരും എന്ന് വ്യക്തം.