തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥൻ വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പ്രമോഷനും ഗസറ്റഡ് റാങ്ക് പദവിയും നേടിയെന്ന മലയാളം മീഡിയ ലൈവ് വാര്‍ത്തയില്‍ ആരോപണ വിധേയനെ സംരക്ഷിക്കാന്‍ വഴികള്‍ തേടി സര്‍ക്കാര്‍.
എസ്.ബി അനില്‍ ശങ്കര്‍ എന്ന ജി.എസ്.ടി ഉദ്യോഗസ്ഥനെതിരെയാണ് വീണ്ടും അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന നികുതി കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അനില്‍ ശങ്കറിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാനും അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനുമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.
എന്നാല്‍, ഈ ഉദ്യോഗസ്ഥനെതിരെ 2020ലെ പരാതിയില്‍ തന്നെ അന്വേഷണം നടന്നിരുന്നു. അന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ യുഡി ക്ലാര്‍ക്ക് ആകാനുള്ള പരീക്ഷ പോലും പാസായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ജിഎസ്ടി ഇന്‍സ്പെക്ടര്‍ പ്രമോഷനുവേണ്ടി അനില്‍ശങ്കര്‍ ഹാജരാക്കിയ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് എംജി സര്‍വകലാശാല തന്നെ വ്യക്തമാക്കുകയും ചെയ്തു.
വ്യാജരേഖ ഹാജരാക്കിയാണ് അനില്‍ശങ്കര്‍ സര്‍വീസില്‍ തുടരുന്നതെന്ന് പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പും സംസ്ഥാന വിജിലന്‍സും ജിഎസ്ടി വകുപ്പും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ് വീണ്ടും അന്വേഷണം നടത്തി ഇയാള്‍ക്കെതിരെയുള്ള നടപടി വൈകിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
പ്രമോഷനുവേണ്ടി അനില്‍ ശങ്കര്‍ ഹാജരാക്കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഇത് മറ്റൊരാളുടെ പേരിലുള്ളതാണെന്ന് വ്യക്തമാക്കുന്ന സര്‍വകലാശാല മറുപടിയും ഈ അന്വേഷണ റിപ്പോര്‍ട്ട് വിവിധ വകുപ്പ് മേധാവികളിലൂടെ മുഖ്യമന്ത്രി കണ്ട് അവസാനം തീരുമാനമെടുക്കാന്‍ ധനമന്ത്രിയുടെ പക്കല്‍ ഫയല്‍ എത്തിയിട്ടും മാസങ്ങളായി നടപടിയെടുത്തിയിരുന്നില്ല. ഇതിനെതുടര്‍ന്ന് മലയാളം മീഡിയ ലൈവ് രേഖകള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു.
പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലും ഇതേക്കുറിച്ച് വാര്‍ത്ത ചെയ്തു. പ്രമോഷന്‍ കിട്ടിയതിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാറില്ലെന്നായിരുന്നു അനില്‍ ശങ്കര്‍ ഇതിനെക്കുറിച്ച് പറഞ്ഞ് ന്യായീകരണം. തട്ടിപ്പ് വെളിച്ചത്തായതോടെ നടപടി എടുത്തേപറ്റൂ എന്ന നിര്‍ബന്ധിതാവസ്ഥയിലാണ് സര്‍ക്കാര്‍. എന്നാല്‍ അതിനെ കഴിയുന്നിടത്തോളം വൈകിപ്പിക്കാനാണ് വീണ്ടും അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.