തിരുവനന്തപുരം: കേരളത്തിൻ്റെ കടബാധ്യത 4.29 ലക്ഷം കോടിയെന്ന് റിസർവ് ബാങ്ക്. 2016ൽ 1.62 ലക്ഷം കോടിയായിരുന്നു കടബാധ്യത. കടബാധ്യത ഉയർന്നത് 165 ശതമാനമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
സ്റ്റേറ്റ് ഫിനാൻസ് – എ സ്റ്റഡി ഓഫ് ബജറ്റ് 2023-24 എന്ന തലക്കെട്ടിലാണ് കേരളത്തിൻ്റെ കട ബാധ്യതയെ കുറിച്ചുള്ള റിസർവ് ബാങ്ക് റിപ്പോർട്ട്. ധനകാര്യത്തിൻ്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയാത്ത പിണറായി 2016 ൽ മുഖ്യമന്ത്രിയായതോടെ ഖജനാവിൻ്റെ താക്കോൽ വിശ്വസിച്ച് ഏൽപിച്ചത് തോമസ് ഐസക്കിനെയായിരുന്നു.
എവിടെ കടം കിട്ടുമോ , അവിടുന്നെല്ലാം കടമെടുക്കുന്ന ശൈലിയാണ് ഐസക്ക് സ്വീകരിച്ചത്. ലണ്ടനിൽ പോയി മണി അടിച്ച് മസാല ബോണ്ട് പോലും ഐസക്ക് വാങ്ങി. 9.723 ശതമാനം ആയിരുന്നു മസാല ബോണ്ടിൻ്റെ കൊള്ള പലിശ. പലിശ ഒന്നും ഐസക്കിന് വിഷയമല്ല. തൻ്റെ കാലത്ത് ഇതൊന്നും തിരിച്ചടക്കേണ്ടി വരില്ല എന്ന് ഐസക്കിനറിയാമായിരുന്നു.
പിൻഗാമിയായി എത്തിയ ബാലഗോപാലിനെ കാത്തിരുന്നത് ശൂന്യമായ ഖജനാവും ഐസക്ക് എടുത്ത കടവും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമാവുന്ന ജി.എസ്.ടി ഐസക്കും ബാലഗോപാലും കൂടി കുളമാക്കിയതോടെ ജിഎസ്ടി യിലൂടെ ലഭിക്കേണ്ട നേട്ടവും നഷ്ടപ്പെട്ടു.
ബാറും സ്വർണ്ണവും ഖജനാവ് നിറയ്ക്കുമെങ്കിലും അത് പിരിച്ചെടുക്കാൻ ഇരുവരും താൽപര്യം കാണിച്ചില്ല. ഫലം പാർട്ടി സാമ്പത്തികമായി വളർന്നു. കേരള ഖജനാവ് കുത്തുപാളയെടുത്തു. കെ.എം എബ്രഹാമിൻ്റെ ഉപദേശവും കൂടിയായപ്പോൾ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ശമ്പളം പോലും മുടങ്ങി.
പദ്ധതികൾ പകുതിയോളം വെട്ടിച്ചുരുക്കി. പ്രതിസന്ധി ആണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്ത് തുടരുകയാണ്. ഇങ്ങനെ പോയാൽ പിണറായി സർക്കാരിൻ്റെ കാലാവധി കഴിയുന്ന 2026 ൽ കടബാധ്യത 5.50 ലക്ഷം കോടിയായി ഉയരുമെന്നാണ് ധനകാര്യ വിദഗ്ധരുടെ നിരീക്ഷണം.
വർഷം, | കടം ( കോടിയിൽ) |
2016 | 1,62,271.5 |
2017 | 1,91,622.9 |
2018 | 2,16,499.4 |
2019 | 2,43,745.7 |
2020- | 2,67,585.4 |
2021 | 3,10,856.2 |
2022 | 3,60,036.9 |
2023 | 3,89,312.3 |
2024 (BE) | 4,29,270.6 |