വയനാട് ജില്ലയിലെ ഇരുളം മാതമംഗലത്ത് ഭാര്യയേയും ഭാര്യാമാതാവിനെയും ബന്ധുവിനേയും അടിച്ച് കൊല്ലാന്‍ ശ്രമം. കുന്നുപുറത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ലിജി എന്നിവര്‍ക്കാണ് ചുറ്റിക ആക്രമണത്തില്‍ പരിക്കേറ്റത്.
അശ്വതിയുടെ ഭര്‍ത്താവ് കുപ്പാടി സ്വദേശി ചെട്ടിയാംകണ്ടി ജിനു(40) ആണ് ഇവരെ ആക്രമിച്ചത്. ആക്രമണത്തിന് രക്ഷപെട്ട ജിനുവിനെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
കുടുംബപ്രശ്‌നമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീടിന് പുറത്ത് പതിയിരുന്ന ജിനു മൂവരെയും ആക്രമിക്കുകയായിരുന്നു. ആശ്വതിക്കാണ് ആദ്യം ചുറ്റികകൊണ്ട് അടിയേറ്റത്.
ബഹളംകേട്ട് രക്ഷിക്കാനായെത്തിയപ്പോഴാണ് സുമതിക്കും ബിജിക്കും അടിയേറ്റു. സാരമായി പരിക്കേറ്റ സുമതിയേയും അശ്വതിയേയും നാട്ടുകാര്‍ ചേര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് കേണിച്ചിറ സ്റ്റേഷനില്‍നിന്നെത്തിയ പോലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ജിനുവിനെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണോയെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് ഇയാളെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പരിശോധനകളില്‍ വിഷം കഴിച്ചതല്ലെന്ന് വ്യക്തമായിട്ടുണ്ട്. ജിനുവുമായി പിണങ്ങി അശ്വതിയും മക്കളും മാതമംഗലത്തുള്ള അമ്മ സുമതിയോടൊപ്പമാണ് താമസിച്ചുവരികയായിരുന്നു.