തിരുവനന്തപുരം : സാത്താൻ സേവയുടെ പേരിലെ ദുരൂഹമരണങ്ങൾ വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്ന മുഖം, നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡൽ ജിൻസൺ രാജയുടേതാണ്.
മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു വിളിപ്പാടകലെ സ്വന്തം വീട്ടിൽ വച്ചാണ് പ്രഫസർ രാജതങ്കം, ഭാര്യയും ജനറൽ ആശുപത്രിയിലെ ഡോക്ടറുമായിരുന്ന ജീൻ പത്മ, മകൾ കരോലിന, ഇവരുടെ ബന്ധു ലളിത എന്നിവർ അരുംകൊലയ്‌ക്ക് ഇരയായത്. രാജതങ്കത്തിൻ്റെയും ജീൻ പത്മയുടെയും മകൻ കേഡൽ ജിൻസൺ രാജയായിരുന്നു മരണത്തിനുപിന്നിൽ.
2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിൻ്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കേഡൽ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യം കേൾക്കില്ലെന്നാണ് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തിരിക്കുന്നത്. പൂജപ്പുര മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തുടരുന്നുണ്ട്. കഴിഞ്ഞയാഴ്ചയും ഡോക്ടർ പരിശോധിച്ചു.
രാത്രികളിൽ കളിയും ചിരിയുമായി കഴിയുന്ന കേഡൽ ജയിൽ ജീവനക്കാർക്കും ആദ്യകാലത്ത് അത്ഭുതമായിരുന്നു. മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിൻ്റെ അവകാശവാദം. ആത്മാക്കളുമായി തനിക്ക് സംവദിക്കാനുള്ള കഴിവുണ്ടെന്നാണ് കേഡൽ അവകാശപ്പെടുന്നത്
മാനസികരോഗിയായ കേഡലിനെ ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടോയെന്ന് ഇടയ്ക്ക് കോടതി തിരക്കിയെങ്കിലും ആരും മുന്നോട്ടുവന്നിരുന്നില്ല. പ്രതി മാനസികരോഗി ആയതിനാൽ കേസിൻ്റെ തുടർനടപടികൾ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടെ അമ്മ ജീൻ പത്മയുടെ സഹോദരൻ ജോസ് മാത്രമാണ് കേഡലിനെ സന്ദർശിക്കാൻ ജയിലിലെത്തിയിട്ടുള്ളത്.