അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നിയാസ് ആണ് പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.
മാര്‍ച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍ നിന്ന് 6 ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അറിയുകയായിരുന്നു.
നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവര്‍ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോകുകയും ചെയ്തു.