തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ 33,31,96,947 രൂപയുടെ പണവും മയക്കുമരുന്നുള്‍പ്പെടെ വിവിധ സാധനങ്ങളും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ബുധനാഴ്ച വരെയുള്ള കണക്കാണിത്.
- രേഖകളില്ലാത്ത 6,67,43,960 രൂപ,
- 1,00,03,677 വിലയുള്ള 28,867 ലിറ്റര്‍ മദ്യം,
- 61,38,6395 രൂപയുടെ 2,33,723 ഗ്രാം മയക്കുമരുന്ന്,
- 14,91,71,959 രൂപയുടെ സ്വര്‍ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍,
- 4,58,90,953 രൂപയുടെ മറ്റ്‌സാധനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
റവന്യു ഇന്റലിജന്‍സ് വിഭാഗം 9,14,96,977 രൂപയുടെയും പോലീസ് 8,89,18,072 രൂപയുടെയും സാധനങ്ങള്‍ പിടിച്ചെടുത്തു. എക്‌സൈസ് വകുപ്പ് 7,11,23,064 രൂപയുടേതും.
യാത്രയ്ക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റു ലഹരിവസ്തുക്കള്‍, സ്വര്‍ണം, സൗജന്യവിതരണത്തിനുള്ള സാധനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പോലീസ്, ആദായനികുതി-എക്‌സൈസ് വകുപ്പുകള്‍, എസ്.ജി.എസ്.ടി. വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ ഏജന്‍സികളാണ് സംസ്ഥാനത്ത് വിവിധഭാഗങ്ങളില്‍ പരിശോധന നടത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇവ ഉപയോഗിക്കുമെന്ന കണക്കുകൂട്ടലിലാണ് പിടിച്ചെടുക്കല്‍.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.